കഴിഞ്ഞ കുറച്ചുദിവസങ്ങളായി തളിപ്പറമ്പിൽ നടക്കുന്ന വിശദീകരണ യോഗങ്ങൾ കേൾക്കുമ്പോൾ തോന്നുന്ന സംശയമാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കാൾ ഇത്ര പെർഫെക്റ്റാണോ? ഇവർക്ക് ഒരിക്കലും തെറ്റുപറ്റില്ലേ?… അണികൾക്കാണോ ഇപ്പോഴും പിഴച്ചത്.
അതിനു കാരണം മറ്റൊന്നുമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് സ്വയം വിശുദ്ധീകരിച്ച് രൂപക്കൂട്ടിൽ കയറിയിരിക്കുകയാണ് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പിണറായി വിജയൻ ഇന്നലെ തളിപ്പറമ്പിൽ പറഞ്ഞത്. മാത്രമല്ല തളിപ്പറമ്പിലെ അവസാനത്തെ പൊതുയോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് ആവർത്തിക്കുകയും ചെയ്തു പിണറായി.
തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അത്തരക്കാർ ആത്മ പരിശോധന നടത്തണമെന്നാണ് പിണറായി വിജയൻ തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണയോഗത്തിലും പറഞ്ഞത്. മാത്രമല്ല ടി കെ ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചെന്നും പിണറായി കുറ്റപ്പെടുത്താനും ആ സമയം വിനിയോഗിച്ചു.
തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നു പറഞ്ഞ പിണറായി ജനവിധി മാനിക്കുന്നു, തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും, താൽക്കാലികമായി തങ്ങളെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യം മനസിലായിട്ടുണ്ടാകും. അവരെല്ലാം എൽഡിഎഫിനൊപ്പം അണിനിരകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞുവച്ചു.
ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫിനെ ശക്തിപ്പെടുത്തണം. തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു. തെറ്റായ നിലപാടാണ് അവർ സ്വീകരിച്ചത്. അത്തരക്കാർ തെറ്റ് തിരുത്തണം, അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറയുന്നു. അപ്പോഴും പാർട്ടിയെ കെട്ടിപ്പടുക്കുവാൻ മുന്നിൽ നിന്ന അണികളെ അത്തരത്തിൽ മാറി ചിന്തിച്ചതിനു പിന്നിൽ സിപിഎം നേതാക്കൾക്ക് ഒരു പങ്കുമില്ലേയെന്ന് ഒന്നു ഇരുത്തി ചിന്തിക്കാൻ പ്രതിപക്ഷ നേതാവ് തയാറായില്ല. പകരം ടി കെ ഗോവിന്ദൻ അവസരവാദിയെന്ന് കുറ്റപ്പെടുത്തി. പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും ഇത്തരം വഞ്ചകർ പാർട്ടിക്ക് പോറലേൽപ്പിക്കാൻ മാത്രം വളരില്ല. അവർ പിന്നോട്ട് പോകുന്നതാണ് ചരിത്രമെന്നും പറഞ്ഞ് ആ പ്രശ്നത്തെ ഗോവിന്ദൻ മാഷിലൊതുക്കി കൈകഴുകി.






