തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിനു ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. 29നാണ് സുകുമാരപിള്ള കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ സുകുമാരപിള്ള മരിച്ചു.
കട്ടിലിൽനിന്നു വീണു പരുക്കേറ്റതിനു ശേഷം ചികിത്സ നൽകുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. മാത്രമല്ല ഐസിയുവിലേക്കു മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായില്ലെന്നു സുകുമാരപിള്ളയുടെ മകൾ പ്രതികരിച്ചു. എന്നാൽ ചികിത്സയിൽ പിഴവുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. രോഗിക്കൊപ്പം രണ്ടു ബന്ധുക്കളെ ഒപ്പം നിൽക്കാൻ അനുവദിച്ചിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം ഈ മാസം 26നാണ് പക്ഷാഘാതത്തെ തുടർന്നു സുകുമാരപിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കട്ടിലിൽനിന്നു വീഴുന്ന സാഹചര്യമുണ്ടായത്. വീണ്ടും പക്ഷാഘാതം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിട്ടും സേഫ്റ്റി റെയിലിങ് ഉള്ള ബെഡ് നൽകിയില്ലെന്നു കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.






