ന്യൂഡൽഹി: ഡൽഹിയിലെ ബവാന മേഖലയിൽ സ്വകാര്യ സ്കൂളിലെ മൂന്ന് വയസുകാരിയായ നഴ്സറി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം എട്ട് മാസമായി സ്കൂൾ ബസ് ഓടിച്ചിരുന്നയാളാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 19-നാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ കാര്യം അന്വേഷിക്കുകയായിരുന്നു. ഇതോടെ സ്കൂളിലെ ഒരു ചീത്ത അങ്കിൾ തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിക്ക് ഇയാൾ നേരത്തെ ചോക്ലേറ്റുകൾ നൽകാറുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 24-ന് കുട്ടിയെ സ്കൂളിലെ ജീവനക്കാരുടെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും കാണിച്ചു. ഇതിൽനിന്ന് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ സ്കൂൾ പരിസരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, കുട്ടിയെ പിന്തുടർന്ന് ബാത്ത്റൂമിലെത്തിയ ശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്നാണ് കണ്ടെത്തൽ. കുട്ടി പലതവണ പീഡനത്തിനിരയായിരിക്കാമെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഏകദേശം നാല് തവണ വരെ കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
ബവാന പോലീസ് സ്റ്റേഷനിൽ പോക്സോ നിയമത്തിലെ 8, 10, 21 വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ 74-ാം വകുപ്പിനും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും (SIT) നിയോഗിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വിശദീകരണം പുറത്തുവന്നു. കുട്ടിക്ക് കിടക്കയിൽ നിന്ന് വീണതിനെ തുടർന്നാണ് പരുക്കേറ്റതെന്ന് മാതാപിതാക്കൾ ആദ്യം അറിയിച്ചിരുന്നുവെന്നാണ് സ്കൂൾ പ്രതിനിധി ഭൂപേന്ദ്ര സിങ് പറഞ്ഞത്. പിന്നീട് മാതാപിതാക്കൾ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം അറിഞ്ഞ ഉടൻ ഡ്രൈവറെ വിളിച്ചുവരുത്തുകയും ഓഗസ്റ്റ് 24-ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് പോലീസ് സുരക്ഷാ നിർദേശങ്ങളും പുറത്തിറക്കി. ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലവും പോലീസ് വെരിഫിക്കേഷനും ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. വിദ്യാർഥികളുടെ യാത്രയ്ക്കായി സ്വകാര്യ അല്ലെങ്കിൽ നോൺ- കൊമേഴ്സ്യൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും പോലീസ് വ്യക്തമാക്കി.
വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഡ്രൈവർമാർ, സഹായികൾ, സുരക്ഷാ ജീവനക്കാർ എന്നിവരെ മാത്രമേ നിയമിക്കാവൂ എന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധുവായ പെർമിറ്റുള്ള രജിസ്റ്റർ ചെയ്ത കൊമേഴ്സ്യൽ വാഹനങ്ങൾ മാത്രമേ വിദ്യാർഥികളുടെ ഗതാഗതത്തിനായി ഉപയോഗിക്കാവൂ. സ്കൂളുകളിലെ സിസിടിവി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്നും ആവശ്യമായ ബാക്കപ്പ് നിലനിൽക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും പോലീസ് നിർദേശിച്ചു. ചെറിയ കുട്ടികളുടെ സുരക്ഷയ്ക്കായി വനിതാ ജീവനക്കാരെ മേൽനോട്ടത്തിന് നിയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.






