ന്യൂഡൽഹി: എൽഡിഎഫ് തങ്ങളുടെ സ്വന്തം കുഞ്ഞാണെന്നും മുന്നണിയെ ദുർബലപ്പെടുത്തുന്നതോ ഇടത് ഐക്യം തകർക്കുന്നതോ ആയ യാതൊരുവിധ വാക്കോ, പ്രവൃത്തിയോ നിലപാടോ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ സ്ഥാപക പാർട്ടിയായ സിപിഐ മുന്നണിയെ എന്നും ചേർത്തുപിടിക്കുമെന്നും ഒരു കമ്യൂണിസ്റ്റ് പാർട്ടി പാലിക്കേണ്ട എല്ലാ ചുമതലാബോധവും അച്ചടക്കവും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുവേദിയിൽ ചർച്ചയാക്കാൻ സിപിഐ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മേയ് മാസം ഏഴാംതീയതി നടന്ന സിപിഐ- സിപിഎം ചർച്ചകളിലാണ് ഈ വിഷയം ആദ്യമായി ഉന്നയിച്ചത്. ഇടതുപക്ഷ ഐക്യം നിർണായകമാണെന്ന് സിപിഎം ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് നന്നായി അറിയാമെന്നും ഈ വിഷയം പരിഹരിക്കുന്നതിൽ അവരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യാശ പ്രകടിപ്പിച്ചു.
കീഴ്വഴക്കങ്ങൾ അനുസരിച്ച് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിനാണ് ലഭിക്കേണ്ടതെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന ഒരിക്കലും മുന്നണിയുടെ തീരുമാനമല്ല, മറിച്ച് സിപിഎമ്മിന്റെ മാത്രം അഭിപ്രായമാണ്. ജോസ് കെ. മാണി പറഞ്ഞതുപോലെ എൽഡിഎഫിനകത്ത് ചർച്ചചെയ്ത് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് ലഭിക്കുമെന്ന കാര്യത്തിൽ തങ്ങൾക്ക് പ്രതീക്ഷയല്ല, മറിച്ച് പൂർണമായ രാഷ്ട്രീയ ബോധ്യമാണുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം സിപിഐക്ക് പലയിടത്തും അയ്യായിരം വോട്ട് പോലും ഇല്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി നേതാക്കളായ എം.എ. ബേബിയോ എം.വി. ഗോവിന്ദനോ അത്തരം അഭിപ്രായം പറഞ്ഞാൽ മാത്രമേ താൻ മറുപടി നൽകുകയുള്ളൂ എന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഏത് നേതാവ്’ എന്നാണ് മറുചോദ്യം ചോദിച്ചത്.
സിപിഐയുടെ കരുത്ത് തെളിയിക്കാൻ ആർക്കും മുന്നിൽ കണക്കുകൾ കാണിക്കേണ്ട കാര്യമില്ല. സിപിഐ ഇന്ത്യയിലെ ഏറ്റവുംവലിയ പാർട്ടിയല്ലെങ്കിലും ദേശീയ സാന്നിധ്യമുള്ള ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പാർട്ടിയുണ്ട്. സിപിഐ വലിയ പാർട്ടിയാകാൻ സിപിഎം ചെറുതാകണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






