ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ചും രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇരുമ്പ് വടി ഉപയോഗിച്ച് മർദിക്കുക, ചൂടാക്കിയ ഇരുമ്പ് വസ്തുക്കൾ കൊണ്ട് ശരീരത്തിൽ പൊള്ളിക്കുക, സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുക തുടങ്ങിയ ക്രൂരതകളാണ് കുട്ടികൾക്ക് നേരെയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഹുസൂർനഗർ സ്വദേശിയായ 43-കാരനായ ട്രക്ക് ഡ്രൈവർ നകിരികാന്തി രവിയെയും ഭാര്യ ഇന്ദുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ കഴിയുകയായിരുന്ന കുട്ടികളുടെ ശരീരമാകെ പൊള്ളലിന്റെയും മർദനത്തിന്റെയും പാടുകൾ കണ്ടെത്തി. രണ്ട് വയസ്സുകാരന്റെ ഇടത് കൈമുട്ടിന് ഒടിവും സംഭവിച്ചതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു. കുട്ടികളുടെ നിലവിളി പതിവായി കേട്ടതും ശരീരത്തിലെ ഗുരുതര മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതുമാണ് അയൽവാസികളിൽ സംശയമുണർത്തിയത്. തുടർന്ന് അവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെയും ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ICDS), ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരാതി നൽകിയ ICDS ഉദ്യോഗസ്ഥ സോമു നിർമലയുടെ മൊഴിപ്രകാരം, നിരവധി ദിവസങ്ങളായി കുട്ടികൾ ക്രൂര പീഡനത്തിന് ഇരയാകുകയായിരുന്നു. ചൂടാക്കിയ കരണ്ടി പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും, സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും, നിരന്തരം മാനസികമായി അധിക്ഷേപിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിൽ രവി ഏകദേശം പത്ത് വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതായും, നാല് വർഷം മുമ്പാണ് വിവാഹമോചിതയായ ഇന്ദുവിനെ വിവാഹം ചെയ്തതെന്നും കണ്ടെത്തി.
അഞ്ച് വയസ്സുകാരൻ ഇന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകനും, രണ്ട് വയസ്സുകാരൻ ഇരുവർക്കും ജനിച്ച കുട്ടിയുമാണ്. ചോദ്യം ചെയ്യലിൽ, കുട്ടികൾ തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് കരുതിയിരുന്നുവെന്നും, അതിന്റെ നിരാശയാണ് മർദനമായി പുറത്തുവന്നതെന്നും പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

















































