ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി യുവാക്കളെ അന്വേഷണ ഏജൻസികൾ ഇത്തരത്തിൽ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ബാരബങ്കി സ്വദേശിയും ഭിവണ്ടിയിൽ താമസിച്ച് കൈത്തറി തൊഴിലാളിയായി ജോലി ചെയ്യുകയും ചെയ്തിരുന്ന 23കാരനായ അഷ്റഫ് ദാനിയാൽ, മുംബൈ കുർളയിൽ മാലിന്യശേഖരണ തൊഴിലാളിയായ 21കാരൻ സാജിദ് മെഹ്ബൂബ് ഷെയ്ഖ്, ദാരിദ്ര്യം കാരണം ബാല്യത്തിൽ തന്നെ ജോലി ചെയ്യേണ്ടിവന്ന ഗോരഖ്പൂർ സ്വദേശി 20കാരൻ കൃഷ്ണ മിശ്ര എന്നിവരാണ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞ യുവാക്കളിൽ ചിലരെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ 19കാരൻമാരായ അമർജിത് സിങ്, കർൺജിത് സിങ്, 22കാരനായ സത്നം സിങ് എന്നിവരും സമാന രീതിയിൽ പാക്കിസ്ഥാനുവേണ്ടി പ്രവർത്തിക്കുന്നതായി അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തലനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കളെ സമീപിച്ച് ആദ്യം സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ പ്രത്യേക മെസേജിങ് ഗ്രൂപ്പുകളിലേക്ക് എത്തിക്കുകയുമാണ് രീതി. തുടർന്ന് ആശയപരമായി സ്വാധീനിക്കുകയും ഭാവിയിൽ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാകുന്ന സ്ലീപ്പർ സെല്ലുകളായി വളർത്തിയെടുക്കുകയുമാണ് ലക്ഷ്യമെന്നാണ് ആരോപണം.
ഈ ശൃംഖലയുടെ കേന്ദ്രത്തിൽ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാത്തലവൻ ഷഹ്സാദ് ഭട്ടിയും കൂട്ടാളികളുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. അഷ്റഫ് ദാനിയാലിനെ ഈ വർഷം ജനുവരിയിൽ ഇൻസ്റ്റഗ്രാം വഴിയാണ് ഭട്ടിയുടെ സഹായി ഹമദ് മേമൻ പരിചയപ്പെട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മേമന്റെ പെരുമാറ്റത്തിലും സമീപനത്തിലും ആകൃഷ്ടനായ ദാനിയാലിനെ പിന്നീട് മറ്റൊരു മെസേജിങ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ, അവരോട് നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വിവേചനം തുടങ്ങിയ വിഷയങ്ങളായിരുന്നു ഗ്രൂപ്പിലെ പ്രധാന ചർച്ചകളിലൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ മാറ്റം കൊണ്ടുവരണമെന്ന തരത്തിലുള്ള ആശയങ്ങളും അവിടെ പ്രചരിപ്പിച്ചിരുന്നതായാണ് ആരോപണം. ഇത്തരത്തിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ സൗഹൃദങ്ങളിലൂടെ വിശ്വാസം നേടിയ ശേഷം അവനെ ക്രമേണ സ്വാധീനിക്കുന്ന രീതിയാണ് ഇവർക്കുള്ളതെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരിച്ചറിഞ്ഞ യുവാക്കൾ തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടോ, ഇവരെ ഏകോപിപ്പിക്കുന്നത് ആരാണ്, പാക്കിസ്ഥാനിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് ദേശീയ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളിയായി മാറുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.




