ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിലെ നേതാക്കളുടെ ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സെപ്റ്റംബർ ഒന്നിന് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ എല്ലാ രാഷ്ട്രത്തലവന്മാരും ഉണ്ടായിരുന്നു. എന്നാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ഉൾപ്പെടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന ചില നേതാക്കളെയും കാണാനില്ലാത്തതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
രണ്ട് ദിവസങ്ങളിലായി ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് SCO കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് ഉച്ചകോടി നടന്നത്. ഉച്ചകോടിയിൽ വിവിധ അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു. ഉച്ചകോടിക്ക് ശേഷം നേതാക്കൾ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തിയ ഗ്രൂപ്പ് ഫോട്ടോ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.
എന്നാൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ ഓഫീസ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിന്റെ ഇരുവശങ്ങളും ക്രോപ്പ് ചെയ്ത നിലയിലായിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി തോന്നുകയായിരുന്നു.
“2026 സെപ്റ്റംബർ 1ന് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന SCO കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർക്കൊപ്പം പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ഷരീഫ്” എന്ന അടിക്കുറിപ്പോടെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ചിത്രം പങ്കുവെച്ചത്.
എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ ഏതാനും മണിക്കൂറുകൾക്കകം ഷഹ്ബാസ് ഷരീഫ് തന്നെ എല്ലാ നേതാക്കളും ഉൾപ്പെട്ട യഥാർത്ഥ ഗ്രൂപ്പ് ഫോട്ടോയും പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഴുവൻ നേതാക്കളും ഉൾപ്പെട്ട ചിത്രം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
ഇതോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം പങ്കുവെച്ച ചിത്രം മനഃപൂർവം ക്രോപ്പ് ചെയ്തതാണോ, അതോ ചിത്രത്തിന്റെ ഫ്രെയിമിങ് സംബന്ധിച്ച സാധാരണ എഡിറ്റിങ് മാത്രമാണോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ചിത്രത്തിൽ മോദിയെയും പെസെഷ്കിയാനെയും മാത്രമല്ല, ഗ്രൂപ്പ് ഫോട്ടോയുടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന മറ്റു നേതാക്കളെയും ഒഴിവാക്കിയിരുന്നു എന്നതും ശ്രദ്ധേയമായി.
അതേസമയം, രണ്ട് രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഉസ്ബെക്കിസ്ഥാനിലും കിർഗിസ്ഥാനിലുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ശനിയാഴ്ച ആരംഭിച്ച സന്ദർശനത്തിൽ ഉസ്ബെക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം ‘കമ്പ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന നിലയിലേക്ക് ഉയർത്തുന്നതിന് ധാരണയായി. ഖനനം, ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും 11 കരാറുകളിൽ ഒപ്പുവെച്ചു. 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം അഞ്ച് ബില്യൺ യുഎസ് ഡോളറിലെത്തിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലെത്തിയ മോദിയെ കിർഗിസ്ഥാൻ മന്ത്രിസഭാ ചെയർമാൻ അഡിൽബെക് കസിമലിയേവ് വിമാനത്താവളത്തിൽ യാത്രയാക്കി. SCO ഉച്ചകോടിയിലെ പങ്കാളിത്തത്തോടെയാണ് പ്രധാനമന്ത്രിയുടെ രണ്ട് രാജ്യ സന്ദർശനം പൂർത്തിയായത്.






