തിരുവനന്തപുരം: ഓണക്കാലത്ത് ലഹരിക്കടത്ത് തടയാൻ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടത്തുമെന്നും മയക്കുമരുന്നും കഞ്ചാവും ഒഴുകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനകളിലും നടപടികളിലും വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
എസ്എച്ച്ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. രണ്ട് ദിവസത്തിനകം എസ്ഐമാർക്ക് ചുമതല നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. നടപടി പ്രാകൃതമായ സമരരീതിയാണെന്നും ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






