കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളോടും വിമർശനങ്ങളോടും പരിഹാസരൂപേണ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ. തനിക്കെതിരെ ട്രോളുകളും കമന്റുകളും ഇട്ടതുകൊണ്ട് സോഷ്യൽ മീഡിയയിൽനിന്ന് വരുമാനം ലഭിക്കില്ലെന്നും പകരം വീഡിയോ ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണമെന്നുമാണ് അഖിൽ മാരാർ പറയുന്നത്.
തന്നെ വിമർശിക്കുന്നവർക്ക് ഓണക്കാലത്ത് എന്തെങ്കിലും പ്രയോജനം ലഭിക്കട്ടെയെന്ന പരിഹാസത്തോടെയാണ് അഖിൽ മാരാരുടെ പ്രതികരണം. ജൂലൈ 25 മുതൽ ‘അഗ്നിപരീക്ഷ’ ഷൂട്ടിന്റെ തിരക്കിലാണെന്നും ഒരു ദിവസത്തെ ശമ്പളം ജിഎസ്ടി ഉൾപ്പെടെ ഏകദേശം ഒന്നരലക്ഷം രൂപയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തന്നെക്കൊണ്ട് തനിക്ക് സന്തോഷം ലഭിക്കുന്നതുപോലെ വിമർശിക്കുന്നവർക്കും എന്തെങ്കിലും പ്രയോജനം ഉണ്ടാകട്ടെയെന്നും ഈ ഓണം എല്ലാവർക്കും ആഘോഷമാക്കാമെന്നും അഖിൽ മാരാർ കുറിപ്പിൽ പരിഹസിച്ചു.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8ൽ റിയാസ് സലീമിനും രഞ്ജിനി ഹരിദാസിനുമൊപ്പം അഖിൽ മാരാർ ജഡ്ജായി എത്തുന്നുണ്ട്. മത്സരാർത്ഥികൾക്ക് പരീക്ഷണം എളുപ്പമാക്കാതിരിക്കുക എന്നതാണ് ജഡ്ജിമാരുടെ പ്രധാന ലക്ഷ്യം.
‘അഗ്നിപരീക്ഷ’ ഷോ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇൻട്രോയ്ക്ക് ശേഷം ജഡ്ജിമാരെ പരിചയപ്പെടുത്തിയ പരിപാടിയിൽ 40 മത്സരാർത്ഥികളിൽനിന്ന് ആദ്യഘട്ടത്തിൽ 20 പേരെയാണ് വേദിയിലേക്ക് തിരഞ്ഞെടുത്തത്. ‘മണിച്ചിത്രത്താഴ്’ എന്ന ടാസ്കിലൂടെയാണ് ആദ്യ 20 പേരെ കണ്ടെത്തിയത്.






