ചങ്ങനാശേരി: ‘കണ്ടക്ടർ ചേട്ടാ.. ഞങ്ങളുടെ ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങൾ തല്ലിക്കെടുത്തി.., ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്..’ ഇറങ്ങാൻ നേരത്ത് വിദ്യാർഥികൾ കണ്ടക്ടറോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഓണാഘോഷത്തിന്റെ ഭാഗമായി കളർ വസ്ത്രം ധരിച്ച് ബസിൽ കയറിയതിന്റെ പേരിൽ ഫുൾ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം സഹയാത്രികരോട് പണംവാങ്ങി വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോൾ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം. ശ്രീഹരിക്കും ഏറെ സങ്കടം. കൂടെയുണ്ടായിരുന്ന കൂട്ടുകാർക്കും പണത്തിനായി മറ്റ് യാത്രക്കാരുടെ മുൻപിൽ കൈ നീട്ടേണ്ടിവന്നു. സ്കൂളിലെ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാക്കുവിശ്വസിച്ച് കളർ വസ്ത്രം ധരിച്ചെത്തിയ 20ലധികം വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാവിലെ വിദ്യാർഥികൾക്കു എസ്ടി കിട്ടിലെങ്കിലും സ്കൂളിലെ ഓണാഘോഷത്തിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥികൾ കയറിയ ബസിൽ എസ്‌ടി നിഷേധിക്കുകയായിരുന്നു.
കയ്യിൽ ആകെ 2 രൂപ മാത്രമുണ്ടായിരുന്ന ചില വിദ്യാർഥികൾ മറ്റു യാത്രക്കാരുടെ പക്കൽനിന്നു പണം വാങ്ങി 20 രൂപ വീതം 2 ഫുൾ ടിക്കറ്റ് എടുത്തു. മറ്റു വിദ്യാർഥികളും ഫുൾ ടിക്കറ്റിനുള്ള പണം മറ്റുള്ളവരിൽനിന്നു വാങ്ങി നൽകിയാണ് യാത്ര ചെയ്യെണ്ടി വന്നത്.
അതേസമയം മറ്റൊരു പെൺകുട്ടിയെ അവൾ ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ് രണ്ട് സ്റ്റോപ്പ് അപ്പുറമാണ് ഇറക്കിവിട്ടതെന്നും നീലിമ പറയുന്നു. ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയാണ് നീലിമ. ശ്രീഹരി ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ്. ചങ്ങനാശേരിയിലൂടെ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ ബസിലെ കണ്ടക്ടറാണ് ഫുൾ ടിക്കറ്റ് ഈടാക്കിയതെന്നും പരാതിയിൽ പറയുന്നു.
ഈ കണ്ടക്‌ടർക്കെതിരെ കൂടുതൽ ആരോപണവുമായി വിദ്യാർഥികൾ രംഗത്ത് വരുന്നുണ്ട്. രാവിലെ മറ്റു സ്വകാര്യ ബസുകളിൽ എസ്‌ടി മാത്രമാണ് ഈടാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നീലിമയുടെയും ശ്രീഹരിയുടെയും അച്ഛൻ വാകത്താനം ചെല്ലിച്ചിറയിൽ മനീഷ് കുമാർ പരാതി നൽകി. വാകത്താനം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ബസ് ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി പോലീസ് പറഞ്ഞു.






