തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‌സി സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറെ കണ്ടതെന്നാണ് വിവരം.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു. സംഭവത്തിൽ പിഎസ്‌സിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളും നിലവിലെ അന്വേഷണ പുരോഗതിയും ഗവർണർ വിലയിരുത്തിയതായാണ് വിവരം.
അതേസമയം, പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് തുടരുകയാണ്. കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷം പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.






