ന്യൂഡൽഹി: ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള വിതരണ ശൃംഖല തടസ്സങ്ങൾ ഔഷധ വ്യവസായത്തെയും ശക്തമായി ബാധിക്കുന്നു. ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും എപിഐകളുടെയും സോൾവെന്റുകളുടെയും വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, മരുന്നുകളുടെ വിലയിൽ 15 ശതമാനംവരെ വർധന വരുത്താനുള്ള നിർദേശമാണ് മുന്നോട്ട് വന്നിരിക്കുന്നത്. വിതരണ തടസ്സം നിയന്ത്രിക്കാൻ കോവിഡ് കാലഘട്ടത്തിൽ സ്വീകരിച്ച മാതൃകയിൽ സർക്കാർ ഇടപെടലുകൾ ശക്തമാക്കാൻ ശ്രമം തുടരുകയാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രാസവസ്തുക്കളുടെ വിലയിൽ വലിയ വർധനയ്ക്ക് കാരണമായതായി വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പല പ്രധാന രാസവസ്തുക്കളുടെയും വില ഇരട്ടിയായിട്ടുണ്ട്. ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ 30 ശതമാനം മുതൽ 100 ശതമാനംവരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ആഘാതം പ്രധാനമായും ചെറുകിട ഔഷധ നിർമ്മാണ സ്ഥാപനങ്ങളെയും കരാർ അടിസ്ഥാനത്തിലുള്ള നിർമ്മാണ യൂണിറ്റുകളെയും ബാധിച്ചിട്ടുണ്ട്.
ബ്യൂട്ടൈൽ എത്തനോൾ, അമോണിയ, നാഫ്ത, ഐസോപ്രോപൈൽ ആൽക്കഹോൾ, ഡൈമെതൈൽഫോർമാമൈഡ്, അസറ്റിക് അൻഹൈഡ്രൈഡ് തുടങ്ങിയ നിർണ്ണായക രാസവസ്തുക്കളുടെ വിലയിൽ 30 മുതൽ 100 ശതമാനംവരെ ഉയർച്ചയുണ്ടായി. ഈ കുത്തനെ ഉയർന്ന ചെലവിനെ തുടർന്ന് നിരവധി എപിഐ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ജീവൻരക്ഷാ മരുന്നുകളുടെ വിലയിൽ 10 മുതൽ 15 ശതമാനംവരെ വർധന വരുത്താൻ വ്യവസായ മേഖല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് സ്ഥിരമായ നടപടിയല്ലെന്നും, അടുത്ത മൂന്ന് മുതൽ നാല് മാസത്തേക്ക് മാത്രമുള്ള താത്കാലിക ക്രമീകരണമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ സ്ഥിരത വന്നാൽ മരുന്നുകളുടെ വില പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു.












































