കാഠ്മണ്ഡു: ആർത്തലച്ചെത്തിയ പ്രളയജലത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷം. ജോലിക്കായി ഒപ്പമെത്തിയ സുഹൃത്തുക്കൾ ‘വേഗം രക്ഷപ്പെടൂ’ എന്ന് വിളിച്ചുപറഞ്ഞ് ഓടിരക്ഷപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ നിന്ന 24കാരനായ ബിബേക് കുമാലിന് ഒടുവിൽ തുണയായത് ഒരു മാവായിരുന്നു. നേപ്പാളിലെ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബിബേകിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.
കണ്ണിന് മുന്നിൽ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഒഴുകിപ്പോയി. തൊട്ടുമുന്നിലുണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളും നിമിഷനേരംകൊണ്ട് വെള്ളത്തിൽ അപ്രത്യക്ഷമായത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ബിബേക് പറയുന്നു.
ചൈനയിലെ ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ ഹിമാലയൻ ജില്ലയായ റസുവയ്ക്ക് താഴെയുള്ള ബിദൂറിലായിരുന്നു ബിബേക് കുമാൽ ജോലി ചെയ്തിരുന്നത്. പുതിയ വീടിന് സമീപം ശൗചാലയത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയത്.
അഞ്ചടി ആഴമുള്ള കുഴിയിലായിരുന്നു ബിബേക്. ഒപ്പമുണ്ടായിരുന്ന നാല് സഹപ്രവർത്തകർ വലിയ ശബ്ദം കേട്ട് കുഴിയിൽനിന്ന് പുറത്തുകടന്ന് ഓടുന്നതിനിടെ ബിബേകിനോടും വേഗം രക്ഷപ്പെടാൻ വിളിച്ചുപറഞ്ഞു. എന്നാൽ ബിബേക് കുഴിയിൽനിന്ന് പുറത്തുകടക്കുമ്പോഴേക്കും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടിരുന്നു.
“ഞാൻ ജീവനുംകൊണ്ട് ഓടാൻ തുടങ്ങി. പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടാകുന്നതുപോലെ വൻ ജലപ്രവാഹം ഇരച്ചെത്തി,” കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിലെ കിടക്കയിൽ സഹോദരൻ ദിനേശിനൊപ്പമിരുന്ന് ബിബേക് കുമാൽ ഓർത്തെടുത്തു.
ശക്തമായ വെള്ളപ്പാച്ചിലിൽ ചെളിക്കും അവശിഷ്ടങ്ങൾക്കുമൊപ്പം ബിബേകും താഴേക്ക് ഒഴുകിപ്പോയി. എന്നാൽ അപ്രതീക്ഷിതമായി ഒരു മാവിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതാണ് ജീവൻ രക്ഷിച്ചത്.
“ഭാഗ്യവശാൽ ഞാൻ ഒരു മാവിൽ ഉടക്കിപ്പിടിച്ചു കിടന്നു. ആ മാവ് അവിടെയില്ലായിരുന്നെങ്കിൽ, പ്രളയത്തിൽപ്പെട്ട് ഞാൻ മരിച്ചേനെ,” ബിബേക് പറഞ്ഞു.
മാവിന്റെ കൊമ്പിൽ തൂങ്ങിക്കിടക്കുന്നതിനിടെ താൻ ജോലി ചെയ്തിരുന്ന വീട് പ്രളയത്തിൽ ഒലിച്ചുപോകുന്നത് ബിബേക് നേരിട്ട് കണ്ടു. പിന്നീട് സ്ഥലത്തെത്തിയ പോലീസുകാരാണ് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്. ശക്തമായ വെള്ളപ്പാച്ചിലിനിടെ വലിയ കല്ല് വന്ന് ഇടിച്ചതിനെ തുടർന്ന് ബിബേകിന്റെ വലതുകാലിനും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, പ്രളയക്കെടുതിയിലായ റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ 160ലേറെ പേർ മരിച്ചതായാണ് വിവരം. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികളും തുടരുന്നു.
844 പേരെ കാണാതായതായാണ് റിപ്പോർട്ട്. 403 വിനോദസഞ്ചാരികളെ കാണാനില്ലെന്ന് നേപ്പാൾ ടൂറിസം വകുപ്പ് അറിയിച്ചു. കാണാതായവരിൽ 341 പേർ വിദേശികളാണ്. ഇതിൽ 142 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഓസ്ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്.
ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെയും മൃതദേഹങ്ങളെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ദുരിതബാധിതർക്കായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഉറപ്പുനൽകിയിട്ടുണ്ട്.






