ആറാട്ടുപുഴ (ആലപ്പുഴ) ∙ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയത് അവരുടെ സഹായത്തിന് എത്താറുള്ള സമീപവാസി പ്രകാശൻ (52). സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മല്ലിക്കാട്ട് കടവിന് സമീപം കായലിൽ കൈകാലുകൾ ബന്ധിച്ചും കഴുത്തിൽ കല്ല് കെട്ടിയ നിലയിലുമാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ഞായറാഴ്ച രാത്രിയിലാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി എട്ടോടെ തങ്കമ്മയുടെ വീട്ടിലെത്തിയ പ്രകാശൻ വാതിൽ തുറന്ന ഉടൻ അകത്ത് കടന്ന് തലയണ മുഖത്ത് അമർത്തി ബോധരഹിതയാക്കുകയായിരുന്നു. തുടർന്ന് അവരുടെ മുണ്ട് ഉപയോഗിച്ച് കാലുകൾ കെട്ടുകയും തോർത്തുകൊണ്ട് കൈകൾ ബന്ധിക്കുകയും ചെയ്തു. ശേഷം നാലു വളകളും ഒരു മോതിരവും ഊരിയെടുത്ത് സ്ഥലംവിട്ടു.
അർധരാത്രിയോടെ വീണ്ടും തിരിച്ചെത്തിയ പ്രതി മൃതദേഹം കായൽക്കരയിലെത്തിച്ചു. കാട്ടുകല്ല് കയർ ഉപയോഗിച്ച് കഴുത്തിൽ കെട്ടിയ ശേഷം കടവിലുണ്ടായിരുന്ന പഞ്ചായത്ത് വള്ളത്തിൽ കയറ്റി കായലിലെ ബോട്ട് ചാലിലേക്ക് തള്ളിയതായാണ് പൊലീസ് പറയുന്നത്.
തങ്കമ്മയുടെ കഴുത്തിൽ കെട്ടിയിരുന്ന പ്രത്യേകതരം കയറാണ് അന്വേഷണത്തിൽ നിർണായകമായത്. മത്സ്യബന്ധന ബോട്ടുകളിൽ ഉപയോഗിക്കുന്ന കയറാണത്. മത്സ്യബന്ധനത്തിനു പോകാറുള്ള പ്രകാശന്റെ വീട്ടുമുറ്റത്ത് അയ കെട്ടിയിരിക്കുന്നത് ഇത്തരം കയറുകൊണ്ടാണെന്ന വിവരം പൊലീസിനു ലഭിച്ചു. മാത്രവുമല്ല, കടബാധ്യതകളുള്ള ഇയാൾ സംഭവ ശേഷം ചില കടങ്ങൾ വീട്ടിയതിന്റെ സൂചനയും കിട്ടി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.















































