ജയ്പുർ: ഐപിഎല്ലിന്റെ തന്നെയല്ല ലോക ക്രിക്കറ്റിന്റെ തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് വൈഭവ് സൂര്യവംശിയെന്ന 15 കാരൻ. ഇന്നലെ നടന്ന സൺ റൈസേഴ്സ്- രാജസ്ഥാൻ മത്സരത്തിനിടെ വൈഭവിന്റെ ബാറ്റിങ് കണ്ട ടെസ്റ്റ്- ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ പറഞ്ഞതിങ്ങനെ- ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തൊന്നും എന്നെ ബോൾ ചെയ്യാൻ ഇടവരുത്താത്തതിന്, നേരത്തെ വിരമിച്ചതിന്…അവൻ ശരിക്കുമൊരു വണ്ടർ കിഡ് തന്നെയാണ്.
അതേസമയം കളി തോറ്റെങ്കിലും ഹൈദരാബാദിനെതിരായ മത്സരത്തിൽ 36 പന്തിൽ സെഞ്ചുറി തികച്ച് വൈഭവ് പുതിയ നാഴികകല്ല് പിന്നിട്ടു. ആദ്യ ഓവറുമുതൽ വെടിക്കെട്ട് നടത്തിയ വൈഭവ് 15 പന്തിൽ ഫിഫ്റ്റി തികച്ചിരുന്നു. മൂന്നാം തവണയാണ് 15 ബോളിൽ വൈഭവ് ഫിഫ്റ്റി കുറിക്കുന്നത്. പിന്നാലെ മൂന്നക്കം തികച്ചാണ് താരം മടങ്ങിയത്. അതേസമയം സീസണിൽ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ വൈഭവ് ഗോൾഡൻ ഡക്കായി മടങ്ങിയിരുന്നു. അന്ന് പുറത്താക്കിയ പ്രഫുൽ ഹിംഗയ്ക്ക് കണക്കിന് കൊടുത്തിട്ടാണ് താരം ഇന്നിങ്സിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ തന്നെ തുടർച്ചയായി 4 സിക്സർ നേടി.
ആദ്യമത്സരത്തിൽ അന്ന് ക്യാപ്റ്റൻ ഇഷാൻ കിഷൻ ആദ്യ ഓവർ ഏൽപ്പിച്ചത് അരങ്ങേറ്റക്കാരൻ കൂടിയായ ഹിംഗെയായിരുന്നു. എന്നാൽ ആദ്യ പന്തിൽ തന്നെ വൈഭവ് സൂര്യവംശിയെ പ്രഫുൽ തന്റെ ഐപിഎൽ കരിയറിന് തുടക്കമിട്ടു. ജസ്പ്രീത് ബുംറയേയും ഭുവനേശ്വർ കുമാറിനെയും ജോഷ് ഹേസൽവുഡിനെയുമെല്ലാം അടിച്ചുപറത്തിയ അതേ വൈഭവിനെ ഐപിഎൽ കരിയറിലെ തന്റെ ആദ്യ പന്തിൽ തന്നെ വീഴ്ത്തി പ്രഫുൽ നേടിയത് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു.
എന്നാൽ അടുത്ത കളിയിൽ മുഖാമുഖം വന്നപ്പോൾ വൈഭവ് അതിന്റെ കേടും പലിശയും പിഴപ്പലിശയും തീർത്ത് പകരംവീട്ടി. ഇന്നലത്തെ കളിയിലും വൈഭവിനെ ഉന്നമിട്ട് ആദ്യ ഓവർ എറിയാനെത്തിയത് ഹിംഗെ തന്നെയായിരുന്നു. ആദ്യ പന്ത് നേരിട്ട ജയ്‌സ്വാൾ സിംഗിളെടുത്ത്. പിന്നാലെ വൈഭവ് സ്‌ട്രൈക്കിലെത്തി. നേരിട്ട ആദ്യ പന്തിൽ റണ്ണെടുക്കാനായില്ല. പിന്നീടങ്ങോട്ട് വൈഭവ് കലി തീർക്കും പോലെയായിരുന്നു. പിന്നീടുള്ള ഓവറിലെ നാലുപന്തുകളും കൗമാരതാരം അതിർത്തികടത്തി. അത് കണ്ട് മുകളിലേക്കു നോക്കിനിൽക്കാനേ ഹിംഗെയടക്കമുള്ള എസ്ആർഎച്ച് താരങ്ങൾക്കായുള്ളൂ. അങ്ങനെ ഹിംഗെയുടെ ആദ്യ ഓവറിൽ പിറന്നത് 25 റൺസായിരുന്നു.
പിന്നാലെ വെടിക്കെട്ട് തുടർന്ന പതിനഞ്ചുകാരൻ 36 പന്തിൽ സെഞ്ചുറിയും തികച്ചു. നാലോവറിൽ 49 റൺസ് വിട്ടുകൊടുത്ത ഹിംഗെ ഒരു വിക്കറ്റുമെടുത്തു. 12 സിക്സറുകളും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വെെഭവിന്റെ ഇന്നിങ്സ്. അതേസമയം രാജസ്ഥാനെതിരെ 5 വിക്കറ്റിന് സൺ റൈസേഴ്സ് വിജയം നേടി പോയിറ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. അതേസമയം രാജസ്ഥാൻ നാലാം സ്ഥാനത്താണുള്ളത്. ഇരു ടീമുകളും 8 കളികളിൽ നിന്നായി 10 പോയിന്റുകൾ വീതമാണ് കരസ്ഥമാക്കിയിട്ടുള്ളത്.














































