കൊച്ചി: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്ന സിപിഐഎം മുതിർന്ന നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രതികരണത്തിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ. പാലത്തായി സംഭവത്തിൽ ഇടപെട്ടുവെന്ന ശൈലജയുടെ വാദത്തെ പാടെ തള്ളിയാണ് ഷിബു മീരാൻ രംഗത്തെത്തിയിരിക്കുന്നത്. പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നിൽ ലീഗ്, എസ്ഡിപിഐ പ്രവർത്തകരെന്നായിരുന്നു ശൈലജ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഷിബു മീരാൻ രംഗത്തെത്തിയത്. നിങ്ങളീ പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു സന്ദർഭത്തിൽ പോലും ആ കുട്ടിയുടെ കൂടെ ശൈലജയോ, അന്നത്തെ ഗവൺമെന്റോ നിന്നിട്ടില്ലെന്ന് ഷിബു മീരാൻ ആരോപിച്ചു… വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണെന്നും ഷിബു മീരാൻ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പാലത്തായി…
കേരളത്തിന്റെ മനസാക്ഷി കോടതിയിൽ പപ്പൻ മാത്രമല്ല പ്രതി…
നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ടീച്ചർ. ഒരു സന്ദർഭത്തിൽ പോലും ആ കുട്ടിയുടെ കൂടെ നിങ്ങളോ, അന്നത്തെ ഗവൺമെന്റോ നിന്നിട്ടില്ല.
1)വലിയ സമരങ്ങൾക്കു ശേഷം, ദിവസങ്ങൾക്ക് ശേഷമാണ് അന്ന് നിങ്ങൾ ബിജെപിക്കാരനായ ഈ റേപ്പിസ്റ്റിനെ അറസ്റ്റ് ചെയ്തത്. നിങ്ങളുടെ മൂക്കിന്റെ താഴെയാണ് അയാൾ ഒളിവിൽ കഴിഞ്ഞത്.
2)വലിയ ഒച്ചപ്പാടുകൾക്കുശേഷം കുറ്റപത്രം വളരെ വൈകിയാണ് സമർപ്പിച്ചത്. കുറ്റപത്രം വൈകുന്നത് കൊണ്ട് ജാമ്യം ലഭിച്ചേക്കാം എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ട ശേഷം. 90 ദിവസം തികയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം.
3)നിങ്ങൾ കൂടി മന്ത്രിയായ ഗവർൺമെന്റ് പോക്‌സോ വകുപ്പുകൾ ഇല്ലാതെയാണ് കുറ്റപത്രം നൽകിയത്. ജുവൈനൽ ആക്ടിലെ ദുർബല വകുപ്പുകളാണ് അന്ന് നിങ്ങൾ ചേർത്തത്.
4) ഇപ്പോൾ നിങ്ങൾ ഈ പറയുന്ന കൊടും ക്രൂരത എന്ന വാക്കില്ലേ, അതിനിരയായ ആ കുഞ്ഞിന്റെ മാനസികനിലയെ പോലും സംശയിച്ചിരുന്നു അന്ന് നിങ്ങളുടെ സിസ്റ്റം. ഇത്ര സെൻസിറ്റീവായ ഒരു കേസ് അന്വേഷിക്കുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വോയിസ് അടക്കം ലീക്കായിരുന്നു അന്ന്.
5) മാനസികമായി തകർന്ന് പോയി പുറം ലോകത്തെ പോലും ഭയന്ന് പോയ ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്. ഒരു കുഴപ്പവും ഇല്ലാതെ സ്‌കൂളിൽ വന്ന് പോകുന്നു എന്ന് സ്ഥാപിക്കലായിരുന്നില്ലേ ഉദ്ദേശം. കുറ്റമറ്റ അന്വേഷണത്തിന് വേണ്ടി ആ കുടുംബവും, നാട്ടുകാരും, മുസ്‌ലിം ലീഗ് അടക്കമുള്ള അവിടുത്തെ രാഷ്ട്രീയ പാർട്ടികളും നടത്തിയ സമരങ്ങൾ വിജയം കണ്ടു. എവിടെ നിന്നോ കിട്ടിയ ധൈര്യം കൊണ്ട് ആ കുഞ്ഞും, അവളുടെ മാതാവും, കൂടെ നിന്ന നല്ലവരായ കുറേ മനുഷ്യരും പൊരുതി നേടിയെടുത്ത ഈ വിജയത്തിന്റെ ക്രെഡിറ്റടുക്കാൻ വരരുത് ടീച്ചർ.
അന്ന് ആ നാട്ടിലെ മനുഷ്യരുടെ വോട്ട് വാങ്ങി ജയിച്ച് എംഎൽഎയും, പിന്നെ മന്ത്രിയുമായ നിങ്ങൾ തിരുവായ്‌ക്കെതിർ വാ ഉരിയാടാതെ ആഭ്യന്തര വകുപ്പിനെ ന്യായീകരിക്കുന്ന ഗുളികകൾ വിതരണം ചെയ്തു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. അവനവന്റെ മനസാക്ഷിയെ വഞ്ചിച്ച് ഇങ്ങനെ പച്ചക്കള്ളം പറയുന്നതിന് മുൻപ്, ആ കുഞ്ഞിന്റെ പ്രായം തന്റെ പേരക്കുട്ടിയുടെതാണ് എന്നോർക്കുക.
ഓരോ നിമിഷവും നിങ്ങളാ ക്രൂരനായ സംഘിയോടൊപ്പമായിരുന്നു. നിങ്ങളുടെ സിസ്റ്റവും. വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്.
അഡ്വ. ഷിബു മീരാൻ.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ്.
അതേസമയം പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. കേസിൽ പോരായ്മ ഉണ്ടായപ്പോൾ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോൾ പോലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു. പാലത്തായി സംഭവത്തിൽ ഒരുപാട് അപവാദങ്ങൾ പ്രചരിക്കപ്പെട്ടു. ഇപ്പോഴും അത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും കെകെ ശൈലജ പ്രതികരിച്ചിരുന്നു. കൂടാതെ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയും കെ കെ ശൈലജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാൻ അന്നത്തെ സ്ഥലം എംഎൽഎയായ താൻ ശ്രമിച്ചുവെന്ന് യുഡിഎഫിലെ ചിലർ കള്ളക്കഥ പ്രചരിപ്പിച്ചുവെന്നും എന്നാൽ പെൺകുട്ടിയുടെ കുടുംബം തന്റെ ഒപ്പം നിന്നുവെന്നുമായിരുന്നു ശൈലജ പറഞ്ഞത്.






