തൊടുപുഴ: തേയിലത്തോട്ടങ്ങളിൽ നിന്ന് ഫാക്ടറിയിലേക്ക് കൊളുന്തുകൾ എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭത്തിന് തുടക്കമായി. ഹാരിസൺ മലയാളം ലിമിറ്റഡിന് കീഴിലുള്ള മൂന്നാറിലെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലാണ് പരീക്ഷണം വിജയകരമായി നടപ്പാക്കിയത്.
തേയില കൊളുന്തുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്നതിൽ തൊഴിലാളികളുടെ അധ്വാനം കുറയ്ക്കാനും സമയലാഭം ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. തോട്ടങ്ങളിൽ ചരക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡ്രോൺ സാങ്കേതികവിദ്യാ സ്ഥാപനമായ ട്രോപ്പോ വർക്സ് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 10 കിലോഗ്രാം വരെ തൂക്കമുള്ള തേയില കൊളുന്ത് ചാക്കുകളാണ് ഡ്രോൺ ഉപയോഗിച്ച് ഫാക്ടറിയിലെത്തിച്ചത്. അടുത്ത ഘട്ടത്തിൽ 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണുകളും പരീക്ഷിക്കുമെന്ന് എസ്റ്റേറ്റ് അധികൃതർ അറിയിച്ചു.
നിലവിൽ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന മലഞ്ചെരിവുകളിൽ നിന്ന് തൊഴിലാളികൾ ചുമന്നാണ് കൊളുന്തുകൾ താഴെയെത്തിക്കുന്നത്. പിന്നീട് ട്രാക്ടറുകളിൽ കയറ്റിയാണ് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നത്. സമയവും ചെലവും അധ്വാനവും കൂടുതലുള്ള ഈ രീതിക്ക് പകരമായാണ് ഡ്രോൺ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
തൊഴിലാളികൾ ശേഖരിച്ച കൊളുന്തുകൾ തോട്ടത്തിലെ നിശ്ചിത സ്ഥലത്ത് എത്തിച്ചാൽ ഡ്രോൺ അവിടെ എത്തും. താഴേക്ക് തൂക്കിയിട്ടിരിക്കുന്ന കയറിൽ കൊളുന്ത് നിറച്ച ചാക്കുകൾ ഘടിപ്പിച്ചാൽ മതി. തുടർന്ന് മലനിരകൾക്ക് മുകളിലൂടെ ഡ്രോൺ മിനിറ്റുകൾക്കകം ഫാക്ടറിയിലെത്തിക്കും. ഇതിലൂടെ സംസ്‌കരണവും വേഗത്തിൽ ആരംഭിക്കാനാകും.
ഹാരിസൺ മലയാളം ലിമിറ്റഡ് നേരത്തേ തങ്ങളുടെ തേയിലത്തോട്ടങ്ങളിൽ കീടനാശിനി തളിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.



















































