കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഒരുവീട്ടിൽ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും വിലയിരുത്തുകയും ചെയ്തു.
വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഊരാളുങ്കൽ സാങ്കേതിക വിദഗ്ധരും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വിള്ളലിൽ ആശങ്ക വേണ്ടെന്നും ഊരാളുങ്കൽ സിഇഒ അരുൺ ബാബു പറഞ്ഞു. സ്ട്രക്ചറിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന നടത്തുമെന്നും ഉടമസ്ഥരുടെ എല്ലാ ആശങ്കയും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും പരിശോധന നടത്തുകയെന്നും പരിശോധന കഴിഞ്ഞിട്ട് ബാക്കി തീരുമാനിക്കുമെന്നും ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
















































