ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ മുഖംമൂടി ധരിച്ച് മുൻനിരയിൽ ഇരുന്ന അജ്ഞാത വ്യക്തിയെച്ചൊല്ലിയ ദുരൂഹതയ്ക്ക് വിരാമമായി. കറുത്ത മാസ്കും തൊപ്പിയും ധരിച്ചിരുന്ന ആൾ ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഖമേനിയുടെ മൂത്ത ചെറുമകനായ മുഹമ്മദ് ജവാദ് ഖമേനിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുഹമ്മദ് ജവാദിന് മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആക്രമണത്തിൽ സംഭവിച്ച പരിക്കുകളും മുറിവുകളും മറയ്ക്കാനാണ് സംസ്കാരച്ചടങ്ങിൽ അദ്ദേഹം മുഖംമൂടി ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അലി ഖമേനിയുടെ മൂത്ത മകനായ മൊസ്തഫ ഖമേനിയുടെ മകനാണ് മുഹമ്മദ് ജവാദ്.
അതേസമയം, ചടങ്ങിൽ കണ്ടത് ഖമേനിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന മൊജ്തബ ഖമേനിയാണെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ, മൊജ്തബയ്ക്കും അതേ വ്യോമാക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതോടെ അദ്ദേഹം മരിച്ചെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് വിവിധ അന്തർദേശീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണം നടക്കുമ്പോൾ പിതാവിനൊപ്പം ഒരേ വസതിയിലായിരുന്നെങ്കിലും മറ്റൊരു മുറിയിലായിരുന്നതിനാലാണ് മൊജ്തബ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തിൽ കൈകാലുകൾക്കും കൈത്തണ്ടയ്ക്കും സാരമായ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മൊജ്തബ ഖമേനി ചികിത്സയിലാണെന്ന് സൈപ്രസിലെ ഇറാൻ സ്ഥാനപതി അലിറേസ സലാരിയൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. ഇറാനിലെ സൈനിക-മതനേതൃത്വവുമായി കൈയെഴുത്ത് സന്ദേശങ്ങളിലൂടെയാണ് നിലവിൽ ആശയവിനിമയം നടത്തുന്നതെന്നാണ് വിവരം.
സുരക്ഷാ കാരണങ്ങളാൽ ഖമേനിയുടെ സംസ്കാരച്ചടങ്ങ് വൈകിയിരുന്നു. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ മൃതദേഹം നാല് മാസത്തോളം ശീതീകരിച്ച് സൂക്ഷിച്ച ശേഷമാണ് മഷാദിൽ സംസ്കരിച്ചത്.


















































