മുംബൈ: മഴക്കാല തിരക്കിനിടെ ലോക്കൽ ട്രെയിനിൽ ഉണ്ടായ വാക്കുതർക്കം കലാശിച്ചത് ക്രൂര കൊലപാതകത്തിൽ. 21കാരനായ മയങ്ക് ലോഹാർ എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ചർച്‌ഗേറ്റ്–നാലാസോപ്പാര ഫാസ്റ്റ് ലോക്കലിന്റെ ഫസ്റ്റ് ക്ലാസ് ബോഗിയിലാണ് സംഭവം നടന്നത്.
ഗോരേഗാവ്–കാണ്ടിവലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് മാറിയത്. ഇതിന് പിന്നാലെ സഹയാത്രക്കാരനായ രോഷൻ സുവർണ എന്ന പ്രതി കത്തി ഉപയോഗിച്ച് മയങ്കിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. കത്തി കൈയിൽ പിടിച്ച നിലയിൽ പ്രതി ആക്രമണത്തിന് ശേഷം ബോഗിക്കുള്ളിലൂടെ നടക്കുന്നതും, രക്തം നിറഞ്ഞ നിലയിൽ നിലത്ത് കിടക്കുന്ന യുവാവിനെ ചുറ്റി യാത്രക്കാർ പിരിഞ്ഞുനിൽക്കുന്നതും വീഡിയോയിൽ കാണാം. “അവനെ കൊന്നു… കൊന്നു” എന്ന നിലവിളികളും ദൃശ്യങ്ങളിൽ കേൾക്കാം. അതേസമയം ആ 21 കാരനെ രക്ഷിക്കാൻ ആരും ഇടപെട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകം. കൂടെയുണ്ടായിരുന്നവർ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
റെയിൽവേ പോലീസിന്റെ വിവരമനുസരിച്ച്, തർക്കത്തിനിടെ ചില യാത്രക്കാർ പ്രതിയെ മർദിച്ചതോടെ ഇയാൾ പ്രകോപിതനായി ബാഗിൽ നിന്ന് കത്തി പുറത്തെടുത്ത് ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്ല പ്രദേശത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ബോറിവലി റെയിൽവേ പോലീസ് സീനിയർ ഇൻസ്പെക്ടർ ദത്ത ഖുപ്രേക്കർ പറയുന്നതിങ്ങനെ: “മഴ കാരണം ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയ തർക്കമാണ് സംഭവത്തിന് കാരണമായത്. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു. അതേസമയം, മകന്റെ മരണത്തിൽ അമ്മ നീതി ആവശ്യപ്പെട്ട് രംഗത്തെത്തി. “എന്റെ മകന് നീതി കിട്ടണം. അവൻ ഒരിക്കലും ആരുമായും വഴക്കിടാറില്ല,” അമ്മ പറഞ്ഞു. സഹോദരിയും കടുത്ത ശിക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തി. “ഇത് രാത്രി 10.30ന് സംഭവിച്ചു. ആളുകൾ എവിടെയായിരുന്നു? ഇന്ന് ശിക്ഷിച്ചില്ലെങ്കിൽ നാളെ മറ്റൊരാൾ കൊല്ലപ്പെടും,” അവൾ പ്രതികരിച്ചു.















































