ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് ആക്രമിച്ച് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് മലയാളി യുവാക്കളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിലാണ് സംഭവം. ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം അനധികൃതമായി പാർക്ക് ചെയ്തതിനെ തുടർന്ന് സ്ഥലമുടമയും ബിഎംടിസി മുൻ കണ്ടക്ടറുമായ രാമചന്ദ്രൻ എതിർപ്പ് അറിയിക്കുകയായിരുന്നു. ഇതാണ് തർക്കത്തിനും പിന്നീട് ആക്രമണത്തിനും വഴിവെച്ചത്.
പ്രകോപിതരായ യുവാക്കൾ രാമചന്ദ്രനെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സമീപത്ത് രൂപപ്പെട്ട ഗതാഗതക്കുരുക്കിൽ വാഹനം കുടുങ്ങിയതോടെ നാട്ടുകാർ ഇവരെ വളഞ്ഞു.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും ആക്രമണ സ്വഭാവം തുടരുകയായിരുന്നു. കല്ലുകളും സമീപത്തെ ബേക്കറിയിൽ നിന്ന് എടുത്ത ശീതളപാനീയ കുപ്പികളും ഉപയോഗിച്ച് നാട്ടുകാർക്ക് നേരെ ആക്രമണം നടത്തി. കൂടുതൽ ആളുകൾ സ്ഥലത്തെത്തിയതോടെ ഇരുവരും സമീപത്തെ ബേക്കറിയിലേക്ക് ഓടിക്കയറി. തുടർന്ന് നാട്ടുകാർ ബേക്കറിയുടെ ഷട്ടർ അടച്ച് ഇവരെ അകത്ത് പൂട്ടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പരപ്പന അഗ്രഹാര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ വെളുത്ത പൊടി നിറച്ച ചില പാക്കറ്റുകൾ കണ്ടെത്തി. ഇത് മയക്കുമരുന്നാണോയെന്ന് പരിശോധിക്കുന്നതിനായി സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണോ യുവാക്കൾ ബെംഗളൂരുവിലെത്തിയതെന്ന ഉൾപ്പെടെ വിവിധ സാധ്യതകൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും പേരുവിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

















































