കോഴിക്കോട്: കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലുകൾ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അതുപോലെ വി ഡി സതീശൻ സർക്കാരിന്റെ അബദ്ധത്തിൽ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുതെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിക്കുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാർട്ടിക്കുള്ളത്. സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വർഷത്തെ മഹത്തായ നേട്ടങ്ങൾ. ഇതിനെല്ലാം പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലുകളാണ്’- എം എ ബേബി പറഞ്ഞു.
അതുപോലെ കുറേ ശരികൾക്കിടയിലാണ് സിപിഐഎമ്മിന് തെറ്റ് സംഭവിക്കുന്നത്. തെറ്റ് തിരുത്താൻ തയ്യാറാകുമ്പോൾ തെറ്റ് പറ്റിയേ എന്ന് പരിഹസിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ചരിത്രം ഓർക്കണം, കേരളത്തിലെ സാമൂഹിക പരിഷ്‌കരണത്തിൽ സിപിഎം നിർണായക പങ്കുവഹിച്ചു. വലതുപക്ഷ ധ്രുവീകരണം 2026ൽ സംഭവിച്ചു. ചേലക്കാടൻ ആയിഷയെ പോലുള്ളവർ സമ്പൂർണ്ണ സാക്ഷരതയുടെ ഭാഗമായി പൊതുരംഗത്ത് വന്നത് ഇടതുഭരണത്തിന്റെ ഫലമാണ്.
സ്ത്രീ സുരക്ഷാ പദ്ധതി വി ഡി സതീശൻ സർക്കാർ പിൻവലിച്ചു. വി ഡി സതീശൻ സർക്കാരിന്റെ അബദ്ധത്തിൽ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുത്. തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയപ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. തെറ്റുകൾ മനുഷ്യസഹജമാണ്. തിരുത്തി മുന്നോട്ട് പോകും. പാർട്ടി നിലനിൽക്കണമെന്നാഗ്രഹിച്ചുകൊണ്ടുള്ള വിമർശനം സ്വാഗതം ചെയ്യും. ചില വ്യാജ പ്രതീതി നിർമ്മാണത്തിൽ വിശ്വസിച്ച് വിമർശിക്കും. അവരെ ശരി ബോധ്യപ്പെടുത്താം. പക്ഷെ മറ്റൊരു കൂട്ടർ പ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ വിമർശിക്കുകയാണ്. സിപിഎമ്മിന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. പാർട്ടി ഘടകങ്ങളിൽ വിമർശനം വേണം. അത് മാധ്യമങ്ങൾക്ക് ചോർത്തരുതെന്നും എം എ ബേബി നിർദേശിച്ചു. സ്വതന്ത്രമായും നിർഭയമായും സത്യസന്ധമായും വിമർശനവും സ്വയം വിമർശനവും നടത്തണമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.






