ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാലാ’ പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ എംപിമാർ രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ കേരള സ്‌പെഷ്യൽ മുണ്ടുകൾ ഉടുത്തെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സിപിഎം എംപിയായ ജോൺ ബ്രിട്ടാസ് തന്നെയാണ് ഇതിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്.
‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്‌കാരമാണ്… ഞങ്ങളുടെ അഭിമാനമാണ്… സ്ഥിരം ശൈലിയിൽനിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭയിലെത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കേരളത്തിലെയും തമിഴ്നാട്ടിലെയും സഹപ്രവർത്തകരായ എംപിമാർക്കുമൊപ്പം പാർലമെന്റിൽ’, അദ്ദേഹം എക്‌സിൽ കുറിച്ചു.
ചൊവ്വാഴ്ച ഒരു ബില്ലിനെതിരെയുള്ള പ്രമേയം വായിക്കുക എന്ന തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ, ബിജെപി എംപി സുസ്മിത ദേവ് തന്നെ ആവർത്തിച്ച് ‘ലുങ്കീവാലാ’ എന്ന് വിളിച്ച് പലതവണ തടസ്സപ്പെടുത്തി എന്നായിരുന്നു ബ്രിട്ടാസിന്റെ ആരോപണം. വിഷയത്തിൽ അദ്ദേഹം രാജ്യസഭയിൽ അവകാശലംഘന നോട്ടീസും നൽകിയിരുന്നു.
തന്റെ പ്രാദേശിക സ്വത്വത്തിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, പാർലമെന്റിലെ ഇത്തരം വംശീയ അധിക്ഷേപങ്ങളെ ശക്തമായി വിമർശിക്കുകയും ചെയ്തു. ‘കഴിഞ്ഞ ദിവസം സഭയിൽ ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ എനിക്കെതിരെ ‘ലുങ്കീവാലാ’ എന്ന അപകീർത്തികരമായ പരാമർശം നടത്തി… സഭ ഇക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കണം’, ബ്രിട്ടാസ് പറഞ്ഞു. ‘ഒരു മലയാളി ആയിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ അഭിമാനിക്കുന്നു… ഈ സഭയിൽനിന്ന് വിരമിക്കുമ്പോൾ, എന്റെ ഏറ്റവും വലിയ നേട്ടം ഇവിടുത്തെ വൈവിധ്യമായിരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാനേതാവ് ജെ.പി നദ്ദയും മറ്റ് കേന്ദ്രമന്ത്രിമാരും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിക്കുകയും ഇരുപക്ഷത്തെയും കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യസഭാ അധ്യക്ഷൻ സി.പി രാധാകൃഷ്ണൻ ഈ വിഷയത്തിൽ ഇടപെടുകയും അംഗങ്ങൾ പരസ്പരം പ്രാദേശിക വികാരങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിനായി രാജ്യസഭാ അധ്യക്ഷൻ സി.പി രാധാകൃഷ്ണൻ ഇരു എംപിമാരെയും അദ്ദേഹം തന്റെ ചേംബറിലേക്ക് വിളിപ്പിച്ചു.
‘സഭയിൽ മറ്റ് അംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് ചില അംഗങ്ങൾ മര്യാദയില്ലാത്തതും അന്തസ്സില്ലാത്തതുമായ പരാമർശങ്ങൾ നടത്തിയ ചില സംഭവങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സഹപ്രവർത്തകരായ അംഗങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും വ്രണപ്പെടുത്താതിരിക്കാൻ ബഹുമാനപ്പെട്ട അംഗങ്ങൾ ശ്രദ്ധിക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു’, സി.പി രാധാകൃഷ്ണൻ പറഞ്ഞു.
‘നമ്മുടെ സംസ്‌കാരം സവിശേഷവും വൈവിധ്യമാർന്ന പ്രാദേശിക സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതുമാണ്. നമ്മുടെ സഹപ്രവർത്തകരുടെ സാംസ്‌കാരിക പാരമ്പര്യങ്ങളോടും പ്രാദേശിക സ്വത്വങ്ങളോടും യാതൊരുവിധ അനാദരവും ഉണ്ടാകരുത്.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
തർക്കങ്ങളെത്തുടർന്ന് സഭാനടപടികൾ തടസ്സപ്പെടുകയും സഭ നിർത്തിവെക്കുകയും ചെയ്തിരുന്നു.




