പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയെന്ന് സൂചന. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ തുടർച്ചയായാണ് ആദ്യനടപടിയെന്ന നിലയിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയതെന്നാണ് വിവരം.
സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക. നിലവിൽ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും സുരേഷ് ബാബു അംഗമാണ്. ഈ സ്ഥാനങ്ങളിൽനിന്നും ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നീക്കവും ഉണ്ടാകുമെന്നാണ് സൂചന.
യുവതിയുടെ പരാതിക്ക് പുറമെ സംഘടനാതലത്തിൽ മറ്റ് പരാതികളും സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരാതിക്കാരിയായത് അഭിഭാഷകയായ വനിതാ നേതാവാണെന്നും, നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവർ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ പാർട്ടി നേതൃത്വത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, പരാതിയാണ് സ്ഥാനമാറ്റത്തിന് കാരണമെന്ന റിപ്പോർട്ടുകൾ സിപിഎം നേതൃത്വം നിഷേധിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതിനാൽ സ്ഥാനമാറ്റത്തിന്റെ കാരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ വിശദീകരണവും പുറത്തുവരുന്ന റിപ്പോർട്ടുകളും തമ്മിൽ ഭിന്നത തുടരുകയാണ്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റി മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തീരുമാനിച്ചത്. സമ്മേളന കാലയളവിന് പുറത്തായി ജില്ലാ സെക്രട്ടറിയെ മാറ്റിയത് പാർട്ടിക്കുള്ളിൽ അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.




