കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പോലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി. പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് കെട്ടിടം വളഞ്ഞത്. പെൺകുട്ടിയെ തടവിൽ പാർപ്പിച്ച 5 അംഗ സംഘം പോലീസെത്തും മുൻപ് കടന്നുകളഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിച്ച സംഘത്തിലെ 7 പേർക്കെതിരെ ചേവായൂർ പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി.
കൂടാതെ പ്രതികളെ കണ്ടെത്താൻ ചേവായൂർ പോലീസ് പ്രത്യേക അന്വേഷണ സംഘം വ്യാപകമായി അന്വേഷണം തുടങ്ങി. ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി പോലീസിനു വിവരം നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി ഹോമിൽ താമസിപ്പിച്ചിരിക്കെയാണ്.
അതേസമയം ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മേയ് 15നു കാണാതായെന്നു രക്ഷിതാക്കളുടെ പരാതിയിലാണ് ചേവായൂർ പോലീസ് കേസെടുത്ത് ഇൻസ്പെക്ടർ ടി.മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറിൽ എത്തിയ രണ്ടു പേർ വീടിനു വെളിയിലിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. പിന്നീടി നടത്തിയ അന്വേഷണത്തിൽ കുട്ടി സംഘത്തിൽനിന്നു രക്ഷപ്പെട്ട് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. സൈബർ പോലീസ് സഹകരണത്തോടെ പോലീസ് തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം ഒരു സുഹൃത്താണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ രാത്രി ഫോണിൽ ബന്ധപ്പെട്ടതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് എത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.















































