കൊച്ചി/ മഞ്ചേരി: പെരുമ്പാവൂരിലും മലപ്പുറത്തും വൻ മയക്കുമരുന്ന് വേട്ട. പെരുമ്പാവൂരിൽനിന്ന് 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുശേഖരവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയത്. തൊട്ടുപിന്നാലെ മലപ്പുറത്തുനിന്ന് 16 കിലോ കഞ്ചാവുമായി 23 കാരൻ നാട്ടുകാരുടെ പിടിയായി.
ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരുമ്പാവൂർ മാറമ്പള്ളിയിൽവെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തുകയായിരുന്നു. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. പിന്നാലെ ആയുഷിനെ ചോദ്യംചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
പിന്നാലെ ഫ്‌ളാറ്റിൽ എത്തി നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവും ഇവിടെനിന്ന് കണ്ടെടുത്തു. ആറുദിവസമേ ആയിട്ടുള്ളൂ ആയുഷ് ഈ ഫ്‌ളാറ്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് പോലീസ് പറയുന്നത്. ഒരു തരത്തിലുള്ള രേഖകളും നൽകാതെയാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ആയുഷ് ലഹരിവിൽപന നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ആയുഷിന്റെ പക്കൽനിന്നും മൊത്തം 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തതായി റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതിന് വിപണിയിൽ 18 കോടിയോളം രൂപ വിലവരും. ഈ വിഷയം ആയുഷിൽ മാത്രം ഒതുങ്ങില്ല, കണ്ടെടുത്തത് 18 കിലോ ആണെങ്കിലും അതിലുംകൂടുതൽ കഞ്ചാവ് കേരളത്തിൽ എത്തിയിട്ടുണ്ടാവാം. ഇതൊരു തുടക്കം മാത്രമാണ്, ഡാൻസാഫ് ടീം വിഷയത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മഞ്ചേരിയിൽ ഇന്നോവ കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി മേലാറ്റൂർ എടപ്പറ്റ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനിൽ വച്ച് നാട്ടുകാർ തടഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്നും പതിനാറര കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവുശേഖരമുണ്ടായിരുന്നത്.
പാണ്ടിക്കാട് എക്‌സൈസും പോലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പോലീസും എക്‌സൈസും പിന്തുടർന്നു. ഇതിനിടെ അമിത വേഗത്തിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളിലിടിച്ചു. തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയത്. ഇതോടെ ഇയാൾ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. എന്നാൽ നാട്ടുകാർ പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.















































