കോഴിക്കോട്: അമ്മയെ മകൻ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവിന് മകന്റെ മർദനമേറ്റ് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനാണ് മരിച്ചത്. ലഹരിക്ക് അടിമയായ മകൻ അഭിരാമിന്റെ ആക്രമണത്തിലാണ് 26കാരനായ അഭിരാമിന്റെ പിതാവ് ശശിധരൻ കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ശശിധരൻ ഇടപെട്ടത്. ഇതോടെ അമ്മയെ വിട്ട് അഭിരാം പിതാവിന് നേരെ തിരിയുകയായിരുന്നു. കഴുത്തിന് കുത്തുകയും തലയ്ക്ക് ശക്തമായി അടിക്കുകയും ചെയ്തതോടെ ഗുരുതരമായി പരിക്കേറ്റ ശശിധരൻ നിലത്ത് വീണു.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് ബോധരഹിതനായി നിലത്ത് കിടക്കുന്ന ശശിധരനെയാണ്. സമീപത്ത് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ അഭിരാമും നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ശശിധരനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിരാം നേരത്തെയും വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരനും നേരെ പലതവണ ആക്രമണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഓരോ സംഭവത്തിലും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുമ്പോൾ പൊലീസ് എത്തി അഭിരാമിനെ കസ്റ്റഡിയിലെടുക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ ഇയാൾ വീണ്ടും ആക്രമണം ആവർത്തിക്കുകയായിരുന്നു.
നിത്യവും ലഹരി ഉപയോഗിച്ചിരുന്ന അഭിരാം വീട്ടുകാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായാണ് വിവരം. ആക്രമണങ്ങൾ ആവർത്തിച്ചിരുന്ന സാഹചര്യത്തിനിടെയാണ് ഇത്തവണ പിതാവിന്റെ മരണത്തിലേക്ക് സംഭവം എത്തിയത്.
സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി വീട്ടിനുള്ളിൽ ഉണ്ടായിരുന്ന അഭിരാമിനെ കസ്റ്റഡിയിലെടുത്തു. താനാണ് പിതാവിനെ ആക്രമിച്ചതെന്ന് അഭിരാം പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷന് സമീപത്തെ മക്കിനിയാട്ട് വീട്ടിൽ വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് കൂടുതൽ പരിശോധന നടത്തും.
മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




