കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കരിവള്ളൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം. കുക്കാനം സ്വദേശി പ്രജിഷയ്ക്ക് ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ പ്രജിഷയ്ക്കും കൂടെയുണ്ടായിരുന്ന അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രജിഷയുടെ ഭർത്താവ് സനൽകുമാറാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനിടെ പൊള്ളലേറ്റ സനൽകുമാറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
അകന്നുകഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലെത്തിയാണ് സനൽകുമാർ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രജിഷ വിവാഹമോചനത്തിനായി ഹർജി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





