കൊട്ടാരക്കര: മറിഞ്ഞു കിടക്കുന്ന ലോറിയും അതിനു തൊട്ടപ്പുറത്തായി ഉയർന്നു നിൽക്കുന്ന മൺകൂനയും ഇതിനിടയിലായി പുറത്തേക്കു തള്ളി നിൽക്കുന്ന ഒരു കാൽ സനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞൊടിയിടയിൽ ആ മണ്ണ് നീക്കിയ ആ അച്ഛൻ ഞെട്ടിപ്പോയി. തന്റെ വിരൽ തുമ്പിൽ പിടിച്ച് പിച്ചവച്ചുനടന്ന ഏക മകൻ… ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കിൽ പച്ചമണ്ണിൽ ശ്വാസം കിട്ടാതെ ആ കുഞ്ഞുഹൃദയം അച്ഛന്റെ കൺമുന്നിൽ തന്നെ നിലച്ചേനെ…. നീലേശ്വരം സനിൽ ഭവനിൽ നവനീത് കൃഷ്ണനെയാണ് അച്ഛൻ സനിൽ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ കൊട്ടാരക്കര സെയ്‌ന്റ് മേരീസ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ നവനീത് ട്യൂഷനു പോകാനായിട്ടാണ് മുക്കോണിമുക്കിലെ ബസ് സ്റ്റോപ്പിൽ എത്തിച്ചത്. കൂട്ടുകാർക്കൊപ്പം ബസ് കയറാൻ നിൽക്കുന്ന മകനെ നോക്കി അടുത്തുതന്നെയാണ് സനിലും നിന്നത്. പെട്ടെന്നാണ് പാഞ്ഞെത്തിയ മണ്ണുലോറി കുട്ടികളും ആളുകളും നിന്ന ഭാഗത്തേക്കു മറിഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്നു മനസിലായില്ല.
പൊടി അടങ്ങിയപ്പോൾ മകനെ കാണാനില്ല. ഇതിനെട ആദ്യം കണ്ട കുട്ടിയെ വലിച്ചു പുറത്തെടുത്തു. അപ്പോഴാണ് ഒരു കാൽ കണ്ടത്. മണ്ണു നീക്കിയും കാലിൽ പിടിച്ചുവലിച്ചും എങ്ങനെയോ അവനെ പുറത്തെടുത്തു. ഇതിനിടെ അപ്പുറത്ത് മൺകൂനയ്ക്കടിയിൽ കിടന്ന മറ്റൊരു കുട്ടിയെ എടുക്കാൻ കഴിഞ്ഞില്ല. ഉടൻതന്നെ അതുവഴി വന്ന ഒരു സ്കൂട്ടറിൽ മകനെയും കയറ്റി താലൂക്ക് ആശുപത്രിയിലേക്കു പായുകയായിരുന്നു. പലചരക്കുസാധന വിതരണ ഏജൻസി നടത്തുകയാണ് സനിൽ.















































