കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇനി മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൽപര്യമില്ലെന്ന് നടി അൻസിബ ഹസൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം.
ഇപ്പോൾ അൻസിബയുടെ തീരുമാനത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാർവതി. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും നേതൃത്വപാടവവും സമൂഹത്തിന് ആവശ്യമാണെന്ന് മാലാ പാർവതി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാലാ പാർവ്വതിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണ രൂപം
പ്രിയപ്പെട്ട അൻസിബ, ഇൻസ്റ്റയിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്. കാരണം നിങ്ങളില്‍ ജന്മനാ ഒരു നേതാവുണ്ട്.
സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്. അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ചുവിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്. പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.















































