തിരുവനന്തപുരം: പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിനായി വക്കീൽഫീസായി പൊതുഖജനാവിൽനിന്ന് ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമപ്രകാരം കാസർകോട് ഉർദൂർ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 മുതൽ 2026 വരെയുള്ള കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തുടങ്ങിയ കോടതികളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ ഫീസും ഈ തുകയിൽ ഉൾപ്പെടുന്നു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ, വിവിധ നിയമോപദേശങ്ങൾ, നിയമഭേദഗതികളുടെ കരട് തയ്യാറാക്കുന്നതിനായി അഭിഭാഷകർക്ക് നൽകിയ പ്രതിഫലം തുടങ്ങിയവയും ഇതിൽപ്പെടും.
സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി നടത്തിയ 789 കേസുകൾക്കായി മാത്രം 38.91 കോടി രൂപയാണ് ഫീസിനത്തിൽ ചെലവഴിച്ചത്. സീനിയർ അഭിഭാഷകരിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ജയദീപ് ഗുപ്തയ്ക്കാണ്. 273 കേസുകളിൽ ഹാജരായ അദ്ദേഹത്തിന് 8.91 കോടി രൂപയാണ് നൽകിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
അഞ്ച് കേസുകളിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി രൂപ നൽകി. മുൻ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ, ഫാലി എസ്. നരിമാൻ തുടങ്ങിയ പ്രമുഖ അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിനും 92.65 ലക്ഷം രൂപ പ്രതിഫലമായി നൽകി.
സോളാർ കേസിന് 1.20 കോടി രൂപയും പെരിയ ഇരട്ടക്കൊലക്കേസിന് 85 ലക്ഷം രൂപയും സ്വർണക്കടത്ത് കേസിന് 70 ലക്ഷം രൂപയുമാണ് അഭിഭാഷക ഫീസായി നൽകിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിന് 55 ലക്ഷം രൂപയും തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതുമായി ബന്ധപ്പെട്ട കേസിന് 56 ലക്ഷം രൂപയും ഹാരിസൺ മലയാളം കേസിന് 45 ലക്ഷം രൂപയും കിഫ്ബി കേസിന് 45 ലക്ഷം രൂപയും ചെലവഴിച്ചു.
സാന്റിയാഗോ മാർട്ടിൻ ലോട്ടറി കേസിന് 17.50 ലക്ഷം രൂപയും ചെറുവള്ളി എസ്റ്റേറ്റ് കേസിന് 16.50 ലക്ഷം രൂപയും സ്പ്രിങ്ക്ളർ കേസിന് രണ്ട് ലക്ഷം രൂപയുമാണ് അഭിഭാഷക ഫീസായി നൽകിയത്.






