തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാക്പോര്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ധവളപത്രം, തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന രാഷ്ട്രീയ ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം കമ്യൂണിസ്റ്റ് ചരിത്രവും രണ്ടാം ലോകമഹായുദ്ധവും വരെ സഭയിലെ ചർച്ചാവിഷയമായി;
ധവളപത്രത്തെ ചൊല്ലിയായിരുന്നു പ്രധാന ഏറ്റുമുട്ടൽ. ധവളപത്രത്തെ “ഉമ്മാക്കി”യാക്കി അവതരിപ്പിക്കുകയാണെന്ന പ്രതിപക്ഷ വിമർശനത്തിന് മുഖ്യമന്ത്രി ശക്തമായ മറുപടി നൽകി. തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന ഡീൽ ആരോപണങ്ങളും പരസ്പര വിമർശനങ്ങൾക്കും വഴിവെച്ചു.
ചർച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദമായ കുറിപ്പുകളുമായാണ് സംസാരിച്ചതെങ്കിൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക തയ്യാറെടുപ്പുകളില്ലാതെ ഒന്നേകാൽ മണിക്കൂറിലേറെ നീണ്ട മറുപടി പ്രസംഗം നടത്തി.
ഇതിനിടെ രണ്ടാം ലോകമഹായുദ്ധകാലത്തെ കമ്യൂണിസ്റ്റ് നിലപാടുകളും സഭയിൽ ചർച്ചയായി. സോവിയറ്റ് യൂണിയൻ യുദ്ധത്തിന്റെ തുടക്കത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്നുവെന്നും, പിന്നീട് ജർമ്മൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെയാണ് യുദ്ധത്തിൽ സജീവമായി പങ്കെടുത്തതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
എന്നാൽ ഈ വാദത്തെ മുഖ്യമന്ത്രി ശക്തമായി എതിർത്തു. 1939-ൽ സ്റ്റാലിനും ഹിറ്റ്ലറും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്നും, അന്നത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സോവിയറ്റ് നേതൃത്വത്തിന്റെ നിലപാടുകളെയാണ് പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതിന് ശേഷമാണ് സ്റ്റാലിന്റെ നിലപാട് മാറിയത്. മോസ്‌കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സാമ്പത്തിക വിഷയങ്ങളിൽ ആരംഭിച്ച ചർച്ച ചരിത്രപരവും ആശയപരവുമായ വാദപ്രതിവാദങ്ങളിലേക്കും നീണ്ടതോടെ സഭയിൽ ഇടയ്ക്കിടെ ചൂടേറിയ രംഗങ്ങൾ അരങ്ങേറി.



















































