ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദം വഹിച്ച നേതാവെന്ന റെക്കോർഡ് സ്വന്തമാക്കാൻ മോദിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി.
ജൂൺ 10-ന് പ്രധാനമന്ത്രിയായി തുടർച്ചയായി 4,399 ദിവസം പൂർത്തിയാക്കുന്നതോടെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുക. ഇതോടെ ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാരിൽ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ഭരണകാലം സ്വന്തമാക്കുന്ന നേതാവായി മോദി മാറും.
1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു ചുമതലയേറ്റിരുന്നുവെങ്കിലും, രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട ഒന്നാം ലോക്‌സഭ നിലവിൽ വന്നതിനെ തുടർന്നാണ് അദ്ദേഹം 1952 മേയ് 13-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 1964 മേയ് 27-ന് അന്തരിക്കുന്നതുവരെ നെഹ്റു തുടർച്ചയായി 4,398 ദിവസം പ്രധാനമന്ത്രിപദത്തിൽ തുടർന്നു.
2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി, 2019-ലും 2024-ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് അധികാരത്തിൽ തുടർന്നു. ജൂൺ 10-ന് 4,399 ദിവസം പൂർത്തിയാകുന്നതോടെ നെഹ്റുവിന്റെ ദീർഘകാല റെക്കോർഡ് ചരിത്രത്തിന്റെ ഭാഗമാകും.
ഇതിനുമുമ്പ്, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലത്തെയും മോദി മറികടന്നിരുന്നു. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ 4,077 ദിവസമാണ് ഇന്ദിരാ ഗാന്ധി തുടർച്ചയായി പ്രധാനമന്ത്രിയായിരുന്നത്.
നെഹ്റുവിന് ശേഷം അധികാരത്തിലിരിക്കെ തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ജനവിധി നേടി വിജയിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടവും നരേന്ദ്ര മോദിയുടെ പേരിലുണ്ട്.


















































