തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്. പാർട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ പ്രാക്ടിക്കലല്ല, സ്ഥിരമായി കുടിക്കുന്നവർ എന്തായാലും കുടിക്കും. അവർക്ക് വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം. അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത്- മുരളീധരൻ പറഞ്ഞു. ഇപ്പോൾ ചെയ്യുന്നത് വീര്യം കുറഞ്ഞത് കൊടുക്കുക എന്നതാണ്. സാവധാനം മാത്രമേ ഇവ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനാവുകയുള്ളു. ഒറ്റയടിക്ക് നിർത്താനാവില്ലായെന്നും കെ മുരളീധരൻ പറഞ്ഞു.
അതുപോലെ വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബാറുകളുടെ എണ്ണം കൂട്ടി, വി.എം. സുധീരൻറെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ ആദ്യം അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.


















































