ഖ്നൗല: ഉത്തർപ്രദേശിലെ മഥുര വൃന്ദാവനത്തിലുള്ള പ്രേമാനന്ദ് മഹാരാജിന്റെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിലെ യുവസന്യാസിയുടെ ദുരൂഹമരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പിന്നാലെ അന്വേഷണം ശക്തമാക്കി പൊലീസ്. ആശ്രമത്തിലെ അന്തേവാസിയായിരുന്ന രസിക് ദുലാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദീപക് ലോധി (25) സെപ്റ്റംബർ 25ന് ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ച സംഭവത്തിലാണ് മഥുര പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മരണത്തിന് തൊട്ടുമുമ്പുള്ള യുവാവിന്റെ നീക്കങ്ങളും സിസിടിവി ദൃശ്യങ്ങളും ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളുമാണ് അന്വേഷണത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നത്. മരണത്തിന് മുമ്പ് രസിക് ദുലാരിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ എന്തായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളിലാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടത്തുന്നത്.
രസിക് ദുലാരിയുടെ രക്തസാമ്പിൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരണത്തിന് മുമ്പ് ശരീരത്തിൽ മയക്കുമരുന്നോ മറ്റ് ലഹരിവസ്തുക്കളോ രാസപദാർഥങ്ങളോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ശരീരഭാഷയും പെരുമാറ്റവും അന്വേഷണത്തിലെ പ്രധാന തെളിവുകളായാണ് പൊലീസ് പരിശോധിക്കുന്നത്.
അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം രസിക് ദുലാരിയുടെ ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കുണ്ടായിരുന്നു. മുറിയിൽനിന്ന് പുറത്തിറങ്ങി നാലാം നിലയിലെ ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളിൽ വസ്ത്രത്തിൽ രക്തക്കറകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ടെറസിലെത്തിയ ശേഷം കുറച്ചുനേരം ഇരിക്കുകയും പിന്നീട് കിടക്കുകയും ചെയ്ത രസിക്, എഴുന്നേറ്റതിന് പിന്നാലെ നിമിഷങ്ങൾക്കകം താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായ പരിക്കുണ്ടായിരുന്നിട്ടും സിസിടിവി ദൃശ്യങ്ങളിൽ രസിക് കടുത്ത വേദനയോ ശാരീരിക ബുദ്ധിമുട്ടോ പ്രകടിപ്പിക്കുന്നതായി കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് സംഭവസമയത്ത് അദ്ദേഹം പൂർണ ബോധാവസ്ഥയിലായിരുന്നോ, ഏതെങ്കിലും മരുന്നിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നോ, കടുത്ത മാനസിക സമ്മർദത്തിലായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ അന്വേഷണത്തിൽ ഉയർന്നത്.
രാവിലെ 10.25ഓടെയാണ് രസിക് മുറിയിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 10.36ഓടെയാണ് ടെറസിൽനിന്ന് താഴേക്ക് വീണ് മരിച്ചത്. ഈ പതിനൊന്ന് മിനിറ്റിനിടെ നടന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ആശ്രമത്തിലെ മൊബൈൽ ഫോൺ നിയന്ത്രണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ആശ്രമത്തിലെത്തുന്ന ശിഷ്യന്മാരുടെയും അന്വേഷകരുടെയും വ്യക്തിഗത മൊബൈൽ ഫോണുകൾ വാങ്ങിവെച്ച് പകരം ആശ്രമം നൽകുന്ന ഫോണും സിം കാർഡും ഉപയോഗിക്കാൻ നിർദേശിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഈ സംവിധാനത്തിന്റെ ഉദ്ദേശ്യം, ഫോണുകളുടെ ഉപയോഗരീതി, ആശയവിനിമയങ്ങൾ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശ്രമവാസികൾക്ക് എത്രത്തോളം ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രസിക് ദുലാരി ആശ്രമത്തിൽ ചേരുന്നതിന് മുമ്പുള്ള ജീവിതവും പിന്നീട് പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. മാനസിക സമ്മർദമോ വിഷാദമോ നേരിട്ടിരുന്നെങ്കിൽ ഇക്കാര്യം കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പങ്കുവെച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
രസിക് ദുലാരി അവസാനമായി ആരുമായൊക്കെയാണ് ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തുന്നതിനായി പഴയ മൊബൈൽ ഫോൺ, പുതിയ സിം കാർഡ്, കോൾ വിവരങ്ങൾ, ചാറ്റുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും പൊലീസ് പരിശോധിച്ചുവരികയാണ്. ആശ്രമത്തെക്കുറിച്ചുള്ള ആശങ്കകളോ പരാതികളോ മാനസിക സമ്മർദമോ അദ്ദേഹം ആരോടെങ്കിലും പങ്കുവെച്ചിരുന്നോ എന്നറിയാൻ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ആശ്രമത്തിലെ ദിനചര്യ, യുവാവിന്റെ മാനസിക-സാമൂഹിക അവസ്ഥ, ആശ്രമത്തിലെ ആശയവിനിമയ നിയന്ത്രണങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 85 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.




