ബെംഗളൂരു: ഇസ്‌ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി. മന്ത്രി ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയോ മന്ത്രിസ്ഥാനം രാജിവെക്കുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കർണാടകയിൽ അഴിമതി ആരോപണത്തെ തുടർന്ന് ഒരു മന്ത്രി രാജിവച്ച് രണ്ട് ദിവസം പിന്നിടുന്നതിനിടെയാണ് മറ്റൊരു മന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയത്.
കൊപ്പാൾ ജില്ലയിലെ കുക്നൂർ ടൗണിൽ നടന്ന പരിപാടിയിലാണ് റായറെഡ്ഡി ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചത്. ഇസ്‌ലാം മഹത്തായതും ഏറെ മാനവികത പുലർത്തുന്നതുമായ മതമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിവാദമായ പരാമർശം നടത്തിയത്. ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാത്തവരാണ് അതിനെക്കുറിച്ച് തെറ്റായ ധാരണകളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതെന്ന് പറഞ്ഞ റായറെഡ്ഡി, “മറ്റ് എല്ലാ മതങ്ങളേക്കാളും ഇസ്‌ലാം ശ്രേഷ്ഠമാണ്, കാരണം അത് മാനവികതയിൽ നിന്നാണ് ആരംഭിക്കുന്നത്” എന്നായിരുന്നു പറഞ്ഞത്.
ഖുർആനെക്കുറിച്ച് താൻ വിപുലമായ പഠനം നടത്തിയിട്ടില്ലെന്നും അബ്രഹാമിക് മതങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ക്ഷേത്രങ്ങളിലും മഠങ്ങളിലും താൻ പതിവായി പോകാറില്ലെന്നും എന്നാൽ മതങ്ങളെയും വിവിധ ചരിത്രങ്ങളെയും പഠിക്കാറുണ്ടെന്നും റായറെഡ്ഡി വ്യക്തമാക്കി. അബ്രഹാമിക് മതങ്ങളെ അതുകൊണ്ടാണ് താൻ പഠനവിധേയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ മന്ത്രിയുടെ പരാമർശത്തിനെതിരെ കർണാടക ബിജെപി അധ്യക്ഷൻ ആർ. അശോക രംഗത്തെത്തി. റായറെഡ്ഡിയുടെ വാക്കുകൾ ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടും അശോക വിശദീകരണം ആവശ്യപ്പെട്ടു. ക്ഷേത്ര സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ വിമർശിച്ച അശോക, മന്ത്രിസഭയിലെ ഒരംഗം സനാതന ധർമത്തെയും ക്ഷേത്രങ്ങളെയും അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. റായറെഡ്ഡി തന്റെ പ്രസ്താവന പിൻവലിച്ച് സംസ്ഥാനത്തെ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഡി.കെ. ശിവകുമാർ തയ്യാറാകണമെന്നും അശോക പറഞ്ഞു.
ക്ഷേത്ര സന്ദർശനങ്ങൾ ആത്മാർഥമായ ഭക്തിക്ക് വേണ്ടിയല്ലെന്നും വോട്ട് ലക്ഷ്യമിട്ടുള്ള പ്രദർശനം മാത്രമാണെന്നും ഇതിലൂടെ വ്യക്തമാകുമെന്നും അശോക ആരോപിച്ചു. ബിജെപി വക്താവ് അശോക് ഗൗഡയും മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. വോട്ടർമാരെ പ്രീണിപ്പിക്കുന്നതിനായി ബസവരാജ് റായറെഡ്ഡി ഏഴാം നൂറ്റാണ്ടിലെ ചിന്താഗതിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചശേഷം മാത്രം ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയണമെന്നും റായറെഡ്ഡി മതവിഷയങ്ങളിൽ വിദഗ്ധനല്ലെന്നും ഗൗഡ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബസവരാജ് റായറെഡ്ഡി, ഈ മാസം ആദ്യം ഡി.കെ. ശിവകുമാർ മന്ത്രിസഭയുടെ വിപുലീകരണത്തിലാണ് മന്ത്രിയായി ചുമതലയേറ്റത്.






