ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ബംഗാൾ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ ബലാത്സംഗം, ഭീഷണി, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ദുംദും പോലീസ് സ്റ്റേഷൻ പരിധിയിലെ എമാമി സിറ്റിയിൽ നിന്നാണ് പോറലിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി റൂറൽ പോലീസ് സൂപ്രണ്ട് കുൻവർ ഭൂഷൺ സിങ് അറിയിച്ചു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് പിന്മാറുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയിൽ ലൈംഗിക പീഡനത്തിനൊപ്പം ആക്രമണം, ക്രിമിനൽ ഭീഷണി, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങിയ ആരോപണങ്ങളും യുവതി ഉന്നയിച്ചിരുന്നു.
ഇതോടെ കേസിൽ പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി പോലീസിന് നിർദേശം നൽകുകയായിരുന്നു. അതേസമയം ആരോപണങ്ങൾ പോറൽ നേരത്തെ നിഷേധിച്ചിരുന്നു.
താനും പോറലും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയബന്ധത്തിലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും പോറൽ തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. വിവാഹം കഴിക്കാമെന്ന് പോറൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്ന് പിന്മാറുകയാണെന്നും പരാതിയിൽ പറയുന്നു.
അതുപോലെ പോറൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തി നിർത്തിയെന്നും യുവതി ആരോപിച്ചു. ഇതുമൂലം ശാരീരികമായി ഏറെ ദുർബലമായെന്നും നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടായെന്നും പരാതിയിൽ പറയുന്നു. വിമാനയാത്ര നടത്തേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും പരുക്കുകളെ തുടർന്ന് അടിയന്തരമായി ചികിത്സ തേടേണ്ടിവന്നതായും എഫ്ഐആറിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും പിന്നീട് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം ഇടങ്കയ്യൻ ടോപ് ഓർഡർ ബാറ്ററായ അഭിഷേക് പോറൽ 2023 മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹിക്കായി നാല് ഇന്നിങ്സുകളിൽ നിന്ന് 108 റൺസാണ് താരം നേടിയത്. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കും ഓസ്ട്രേലിയയിലേക്കും യാത്ര ചെയ്തിട്ടുള്ള താരമാണ് പോറൽ. 2021-22 സീസണിലാണ് ബംഗാളിനായി പോറൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.




