തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. സംഭവം ഗൗരവമുള്ളതാണെന്നും, ആരാണെന്ന് അറിയാമായിരുന്നെങ്കിൽ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകരാണ് പിടിയിലായവരെന്നും ഗോവിന്ദൻ ആരോപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടവർ തന്നെ ലഹരിക്കടത്തിന് നേതൃത്വം നൽകുന്ന സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയിൽനിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യാൻ മെറ്റയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ മാറ്റിയെന്ന സതീശന്റെ വാദവും അദ്ദേഹം തള്ളി. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും റീചാർജ് സൗകര്യവും നൽകണമെന്നും രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടിയ 200ഓളം പേരെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.
ടിജെ മോഹൻദാസ് കേസിലും പോലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഗോവിന്ദൻ ആരോപിച്ചു. ഡോക്ടർ റാം കേസിലും സമാന സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കേണ്ടതെന്നും ഇടതുപക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അധികാരത്തിലെത്തിയതുമുതൽ വ്യാപകമായി സ്ഥലംമാറ്റം നടക്കുകയാണെന്നും മുഖ്യമന്ത്രി തന്നെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥരിലേക്കും ഈ അഹങ്കാരം വ്യാപിച്ചെന്നും കാസർകോട് കളക്ടറേറ്റിലെ ആത്മഹത്യ ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.





