ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം വെറും 18 നോട്ടിക്കൽ മൈൽ (33 കിലോമീറ്റർ) അകലത്തിൽ ഇന്ത്യയുടെയും പാകിസ്താന്റെയും നാവികസേനാ കപ്പലുകൾ നിലയുറപ്പിച്ചു. ഒമാൻ തീരത്തിന് സമീപമാണ് ഈ അപൂർവ സംഭവം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇരു രാജ്യങ്ങളുടെയും കപ്പലുകൾ ഒരേ മേഖലയിലുണ്ടായത്.ദി ഇന്റൽ ലാബുമായി ബന്ധപ്പെട്ട ഓപ്പൺ സോഴ്സ് ഇന്റലിജൻസ് അനലിസ്റ്റ് ഡാമിയൻ സൈമൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലേക്കുള്ള എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവ വഹിക്കുന്ന കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിനായി ഇന്ത്യൻ നാവികസേന ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്ന ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28-നുണ്ടായ അമേരിക്ക-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇറാൻ ഹോർമുസ് കടലിടുക്ക് പ്രായോഗികമായി അടച്ചതിനെത്തുടർന്നാണ് ഈ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുമായി വരുന്ന കപ്പലുകൾക്ക് നാവികസേനയുടെ യുദ്ധക്കപ്പലുകൾ അകമ്പടി നൽകുന്നുണ്ട്.
കഴിഞ്ഞ മാസം ഏകദേശം 92,000 ടൺ പാചക വാതകം വഹിച്ച പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾക്ക് നാവികസേന അകമ്പടി നൽകി. മാർച്ച് 26നും 27നും ഇടയിൽ ഇവ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തി. ഇതുകൂടാതെ ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി എന്നീ കപ്പലുകളെയും നാവികസേന സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചു.
പേർഷ്യൻ ഗൾഫിൽ നിന്ന് അറബിക്കടൽ വരെ കപ്പലുകളുടെ സുഗമമായ ഗതാഗതത്തിന് ഇന്ത്യൻ നാവികസേന സഹായം നൽകുന്നുണ്ട്. കടൽമാർഗ്ഗത്തിലുള്ള ഊർജ്ജവിതരണം തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ അതീവ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. പരസ്പര ശത്രുത നിലനിൽക്കുന്നതിനിടയിലും സമാനമായ ആവശ്യങ്ങൾക്കായി ഇരുസേനകളും ഇത്രയും ചെറിയ അകലത്തിൽ പ്രവർത്തിക്കുന്നത് ഒരു അപൂർവ സംഭവമായി കണക്കാക്കപ്പെടുന്നു.















































