ബീജിംഗ്: തന്റെ അമ്മയുടെ രൂപത്തിൽ നാണക്കേട് തോന്നി സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാതിരുന്ന ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ചൈനീസ് വ്യവസായി. ജീവനക്കാരനെ പിരിച്ചുവിട്ടതു കൂടാതെ ആ അമ്മക്ക് സ്ഥാപനത്തിൽ ജോലി നൽകുകയും ചെയ്തു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഒരു നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ കുയി പെയ്ജുൻ തന്നെയാണ് താൻ ചെയ്ത കാര്യം പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.
ജീവനക്കാരുടെ മക്കൾക്കായുള്ള വേനൽക്കാല ഇന്റേൺഷിപ്പ് ആന്റ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് കുയി ഈയൊരു അനുഭവം പങ്കുവെച്ചത്. 331 ജീവനക്കാരുടെ മക്കളാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. മാതാപിതാക്കളോടുള്ള ആദരവും സ്നേഹവുമാണ് ഒരു നല്ല മനുഷ്യനായിരിക്കാനുള്ള അടിസ്ഥാനമെന്ന് കുയി ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
ഇതിനായി മുൻപു നടന്ന സംഭവത്തെ കുറിച്ച് കുയി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ‘ ജീവനക്കാരന് രണ്ട് വയസുള്ളപ്പോൾ പിതാവ് മരിച്ചു. അമ്മ ഒറ്റയ്ക്കാണ് അയാളെ വളർത്തിയത്. എന്നാൽ, അമ്മയുടെ രൂപത്തിൽ നാണക്കേട് തോന്നിയ ജീവനക്കാരൻ സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാൻ തയ്യാറായില്ല. ഇത് അറിഞ്ഞ താൻ അയാളോട് ഇക്കാര്യം ചോദിച്ചു, മറുപടി തൃപ്തികരമല്ലാത്തതിനാൽ പിരിച്ചുവിട്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് മറ്റ് എവിടെയും ജോലി കിട്ടാതെ അയാൾ വീണ്ടും തന്റെ മുന്നിലെത്തി ജോലി ആവശ്യപ്പെട്ടെങ്കിലും നിങ്ങളോട് എനിക്കുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് തിരിച്ചയച്ചു എന്നും കുയി പറയുന്നുണ്ട്. പിരിച്ചുവിട്ട ആളുടെ അമ്മക്ക് ജോലി നൽകിയെന്നും കുയി പ്രസംഗത്തിൽ പറയുന്നുണ്ട്.
അതേസമയം തന്റെ ഉദാരമനസ്കത കൊണ്ട് മുൻപും ഇന്റർനെറ്റിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് കുയി പെയ്ജുൻ. ഈ വർഷം ആദ്യം നടന്ന കമ്പനിയുടെ വാർഷിക ആഘോഷത്തിൽ ജീവനക്കാർക്ക് കാഷ് ബോണസായി 60 മില്യൺ യുവാനും (ഏകദേശം 84 കോടി രൂപ), വർഷാന്ത്യ ആകെ പേഔട്ടായി 180 മില്യൺ യുവാനിലധികവും (ഏകദേശം 254 കോടി രൂപ) നൽകിയാണ് കുയി പൊതു സമൂഹത്തിനു മുന്നിൽ ശ്രദ്ധേയനായത്.

















































