ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെ പ്രശംസിച്ച തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയോടുള്ള തരൂരിന്റെ ആരാധന ഭൗതികലോകത്തെ മറികടന്നെന്നും ഇപ്പോൾ മോദി ഒരിക്കൽ പോലും പറയാത്ത കാര്യങ്ങൾ കേൾക്കാൻ തരൂരിന് കഴിവുള്ളതായി തോന്നുന്നുവെന്നും പാർട്ടി പരിഹസിച്ചു.
കോൺഗ്രസ് ദേശീയ വക്താവും പാർട്ടിയുടെ മീഡിയ, പബ്ലിസിറ്റി വിഭാഗം ചെയർമാനുമായ പവൻ ഖേരയാണ് തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ മറുപടിയുമായി തരൂരും രംഗത്തെത്തി. ചിലർക്ക് രാഷ്ട്രീയമായി സ്കോർ ചെയ്യുന്നതിലാണ് താൽപ്പര്യമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.”യുദ്ധസമയത്ത് വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരെ ലക്ഷ്യംവെക്കരുത് എന്ന സന്ദേശം നൽകേണ്ടത് പ്രധാനമാണ്.
അവർ പട്ടാളക്കാരല്ല; പ്രധാനമന്ത്രി മോദി നൽകിയ സന്ദേശം അതാണ്,” അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലുണ്ടായ സംഘർഷങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ജി7 ഉച്ചകോടിക്കിടെ മോദി–ട്രംപ് കൂടിക്കാഴ്ചയിൽ ട്രംപിനോട് ഈ മൂന്ന് നാവികരുടെ മരണത്തെക്കുറിച്ച് മോദി എടുത്തുപറഞ്ഞില്ലെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വാണിജ്യ കപ്പലുകളിലെ ജീവനക്കാരെ യുദ്ധത്തിൽ പോരാളികളായി കണക്കാക്കരുതെന്ന മോദിയുടെ പ്രസ്താവന ശരിയാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.















































