സുൽത്താൻ ബത്തേരി: വയനാട്ടിൽ എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറി’യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന 210 ലിറ്റർ വാഷ് പിടിച്ചെടുത്തു. നൂൽപ്പുഴ മുക്കുത്തിക്കുന്ന് മേഖലയിൽ സംസ്ഥാന പാതയിലൂടെയുള്ള പാലത്തിന്റെ ഗർഡറിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്.
പാലത്തിന്റെ ഉയർന്ന ഭാഗത്തായിരുന്നതിനാൽ സമീപത്തെ മുളങ്കാട്ടിൽ നിന്ന് മുള വെട്ടിയെടുത്ത് താൽക്കാലിക ഏണി ഒരുക്കിയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ഗർഡറിന് അടിയിലെത്തിയത്. തുടർന്ന് വാഷിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ച ശേഷം ബാക്കി പുഴയിലേക്ക് ഒഴുക്കി നശിപ്പിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുക്കുത്തിക്കുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി അനധികൃത ചാരായവാറ്റ് നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് വയനാട് എക്‌സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഓഫീസും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.
വാഷ് സൂക്ഷിച്ചവരെയോ ചാരായ നിർമാണത്തിന് പിന്നിലുള്ള സംഘത്തെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
വയനാട് എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ പി.എസ്. സുമേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
വയനാട്ടിലെ കല്ലൂർ, മുത്തങ്ങ, മുക്കുത്തിക്കുന്ന്, വാകേരി തുടങ്ങിയ അതിർത്തി മേഖലകളിൽ ഇപ്പോഴും അനധികൃത ചാരായ നിർമാണം സജീവമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിക്കുന്ന നടപടി എക്‌സൈസും പോലീസും ഇടയ്ക്കിടെ നടത്തിവരുന്നുണ്ട്.






