ബർക്കിംഹാം: ഓംലെറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിക്കുകയും ഫ്രൈയിങ് പാൻ കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 50 വയസ്സുകാരന് 26 വർഷം തടവുശിക്ഷ വിധിച്ചു. ബംഗ്ലാദേശി സ്വദേശിയായ രാജു മൊല്ലയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് നഗരമായ ബർക്കിംഹാമിൽ കഴിഞ്ഞ വർഷം ജനുവരി 12-നായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാജു മൊല്ല ഭാര്യയോട് ഓംലെറ്റ് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ തന്നെ ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കാൻ വെച്ചു. ഭാര്യ പാത്രം കഴുകാനായി തിരിഞ്ഞ അവസരത്തിൽ, രാജു മൊല്ല അവരുടെ മുടിയിൽ പിടിച്ചു വലിക്കുകയും തിളച്ച എണ്ണ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഫ്രൈയിങ് പാൻ കൊണ്ടും ഗ്യാസ് അടുപ്പിന്റെ മെറ്റൽ ഫ്രെയിം കൊണ്ടും ഇവരെ ക്രൂരമായി മർദ്ദിച്ചു. നിലത്ത് എണ്ണയുടെ നടുവിൽ വീണുകിടക്കുന്ന നിലയിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പോലീസിനോട് ഭാര്യയ്‌ക്ക് അപകടം സംഭവിച്ചതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.
എന്നാൽ ചോദ്യം ചെയ്യലിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം ആക്രമിച്ചതാണെന്ന് വ്യക്തമായി. പരിക്കേറ്റ സ്ത്രീക്ക് മാരകമായ പൊള്ളലിന് പുറമെ തലച്ചോറിൽ രക്തസ്രാവം, പല്ലുകൾ കൊഴിയൽ, മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകൾ എന്നിവ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പും ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് വെള്ളിയാഴ്ച കോടതി 26 വർഷത്തെ തടവുശിക്ഷയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയത്. ഹൃദയഭേദകമായ മൊഴിയാണ് ഇരയായ മുംതാസ് കോടതിയിൽ നൽകിയത്. “അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു,”. തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണെന്നും കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപികയാകാൻ ആഗ്രഹിച്ചിരുന്ന അവർ ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു തടവുകാരിയെപ്പോലെ കഴിയുകയാണ്.















































