ഡൽഹി: പെൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടി 22കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് പിടിയിൽ. വടക്കൻ ഡൽഹിയിലെ ഷാബാദ് ഡെയറിക്ക് സമീപമുള്ള പ്രഹ്ലാദ്പൂർ ബംഗാറിലാണ് സംഭവം. സംഭവത്തിൽ യുവാവിനൊപ്പം പെൺസുഹൃത്തിനെയും കസിനെയും പൊലീസ് അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസമാണ് സബില്ല ഖാതൂൻ (22) എന്ന യുവതിയെ സ്വന്തം വീടിന്റെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ സഹോദരൻ കണ്ടെത്തിയത്. 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവായ മുഹമ്മദ് സാഹിദ് അലി എന്ന ലാൽ ബാബുവിനെ ബിഹാറിലെ സീതാമർഹിയിലുള്ള ജന്മനാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ സാഹിദും സുഹൃത്തായ റുഖ്സാർ ഖാതൂനും ചേർന്ന് ഒന്നിച്ചു ജീവിക്കുന്നതിനായി സബില്ലയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെട്ടു. ബാത്ത്റൂമിനുള്ളിൽ വെച്ച് സബില്ലയെ ആക്രമിച്ച ഇരുവരും തല ബാത്ത്റൂം സീറ്റിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇത് ഗുരുതരമായ തലച്ചോറിലെ പരിക്കിന് കാരണമായി. അറസ്റ്റിൽ നിന്ന് സാഹിദിന് ഒളിവിൽ പോകാൻ സഹായം നൽകിയതിനാണ് കസിൻ മുഹമ്മദ് ഒസാമയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്ന് രക്ഷപ്പെട്ട അലി നോയിഡയിലെത്തുകയും അവിടെയുള്ള തന്റെ കസിൻ ഒസാമയെ ബന്ധപ്പെടുകയുമായിരുന്നു. ഒസാമയാണ് അലിക്ക് താമസ സൗകര്യവും ബിഹാറിലേക്ക് കടക്കാനുള്ള സഹായങ്ങളും ചെയ്തുകൊടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്വന്തം നാട്ടുകാരിയും പ്രഹ്ലാദ്പൂർ ബംഗാറിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന റുഖ്സാറുമായി അലി പ്രണയത്തിലായിരുന്നുവെന്ന് ഡിസിപി സക്സേന പറഞ്ഞു.അലി വെൽഡിംഗ് തൊഴിലാളിയും ഒസാമ തയ്യൽക്കാരനുമാണ്






