ക്വീവ്: യുക്രൈനിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തിൽ 6 പേർ മരിച്ചതായും പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. അതേസമയം അക്രമി മോസ്കോ സ്വദേശിയായ 58 കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.
സിവിലിയന്മാർക്ക് നേരെ വെടിയുതിർത്ത അക്രമിയെ വധിച്ചതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സെലെൻസ്‌കി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ട നാലുപേരെ സുരക്ഷിതമായി മോചിപ്പിച്ചതായി പ്രസിഡന്റ് അറിയിച്ചു.
പ്രത്യേക പോലീസ് സേനയായ സ്റ്റോറിൽ കയറി അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനേയും ലക്ഷ്യമിട്ട് വെടിയുതിർക്കുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തത്. തുടർന്ന് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇയാൾ ആദ്യം തെരുവിൽ സാധാരണക്കാർക്കെതിരെ വെടിവെപ്പ് നടത്തിയതിന് ശേഷം സൂപ്പർമാർക്കറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ ഉടൻതന്നെ പ്രത്യേക സുരക്ഷാസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.














































