ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന ഓവർ വരെ ഉദ്യോഗം നിലനിർത്തിയ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയം ഹൈദരാബാദ് സ്വന്തമാക്കി. സൺറൈസേഴ്സ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെയായുള്ളു. ഈ വിജയത്തോടെ ആറു പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ചെന്നൈ ഏഴാമതും തുടരുന്നു.
30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈയുടെ ടോപ് സ്കോറർ. ആയുഷ് മാത്രെ (13 പന്തിൽ 30), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവരാണ് ചെന്നൈ നിരയിൽ കുറച്ചെങ്കിലും പൊരുതി. സ്കോർ 15ൽ നിൽക്കെ സഞ്ജു സാംസൺ ഏഴ് റൺസെടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഡിയുടെ രണ്ടാം ഓവറിൽ ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്താണ് സഞ്ജുവിനെ മടക്കിയത്. പിന്നാലെയെത്തിയ ആയുഷ് മാത്രെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നതോടെ ചെന്നൈ സ്കോർ ഉയർന്നു.
നന്നായി അടിച്ചുകളിച്ച ആയുഷിനെ പവർപ്ലേ തീരും മുൻപേ നിതീഷ് റെഡ്ഡിയും ഋതുരാജിനെ ഇഷാൻ മലിംഗയും വീഴ്ത്തി ചെന്നൈയ്ക്ക് ഇരട്ട പ്രഹരം നൽകി. 19 റൺസെടുത്താണ് ഋതുരാജ് പുറത്തായത്. ആദ്യ ആറോവറുകളിൽ 76 റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം. പിന്നീട് 8.5 ഓവറിൽ ചെന്നൈ 100 പിന്നിട്ടു.
ഇതോടെ ചെന്നൈ അനായാസം വിജയം കൈപ്പിടിയിലൊതുക്കുമെന്ന് കരുതിയെങ്കിലും മധ്യനിരയിൽ ആർക്കും കാര്യമായ സ്കോറുകൾ കണ്ടെത്താനായില്ല. സർഫറാസ് ഖാനെ മലിംഗ പുറത്താക്കി. ഡെവാൾഡ് ബ്രെവിസ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ചെന്നൈ അക്ഷാർഥത്തിൽ പ്രതിരോധത്തിലായി. സ്കോർ 148 ൽ നിൽക്കെ ഒരു ഭാഗത്തു പിടിച്ചുനിന്ന മാത്യു ഷോർട്ട് മലിംഗയുടെ പന്തിൽ വീണു. ഒരു സിക്സും ഫോറും ബൗണ്ടറി കടത്തിയ ശിവം ദുബെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇന്ത്യൻ പേസർ സാക്കിബ് ഹുസെയ്ന്റെ പന്തിൽ ബോൾഡായി. ഇതോടെ ചെന്നൈയുടെ പ്രതീക്ഷകളും അവസാനിച്ചു.
അവസാന 12 പന്തുകളിൽ 30 റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ജെയ്മി ഓവർടനും അൻഷുൽ കാംബോജും ചേർന്ന് നിതീഷ് റെഡ്ഡിയുടെ 19–ാം ഓവറില് 12 റൺസെടുത്തതോടെ ചെന്നൈയുടെ വിജയലക്ഷ്യം ആറു പന്തിൽ 18 റൺസായി ചുരുങ്ങി എന്നാൽ പ്രഫുൽ ഹിംഗെയുടെ 20–ാം ഓവറിൽ ഫ്രീ ഹിറ്റ് കൂടി കിട്ടിയിട്ടും ഏഴു റൺസ് മാത്രമാണു ചെന്നൈയ്ക്ക് നേടാനായത്. ആദ്യ മൂന്നോവറുകളിൽ അടി വാങ്ങിക്കൂട്ടിയ ഹിംഗെ 20–ാം ഓവറിൽ താരം പ്രതികാരം ചെയ്യുകയായിരുന്നു. നാലോവറുകളിൽനിന്ന് 60 റൺസാണ് ഹൈദരാബാദ് താരം വഴങ്ങിയത്. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്നും നിതീഷ് കുമാർ റെഡ്ഡി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും, മധ്യനിരയിൽ ഹെൻറിച് ക്ലാസനും അർധ സെഞ്ചുറികൾ നേടി. 22 പന്തുകൾ നേരിട്ട അഭിഷേക് നാല് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 29 റൺസെടുത്തു. 39 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സുകളും ആറു ഫോറുകളും അടക്കം 59 റൺസാണു നേടിയത്. ഓപ്പണർമാരായ അഭിഷേകും ട്രാവിസ് ഹെഡും തകർത്തടിച്ചതോടെ പവർപ്ലേയിൽ 75 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.






