തിരുവനന്തപുരം: ഷാരോൺരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയ ഗ്രീഷ്മയ്ക്ക് ഇനു ഒന്നാം നമ്പർ. 2025ൽ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലിലെത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. അതിനാൽ സി. 1/25 എന്ന നമ്പരാണ് നൽകിയിട്ടുള്ളത്. അതേ സമയം കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് വനിതാ പ്രതികളും ഒരേ ജയിൽ തന്നെയാണുള്ളത്. ഗ്രീഷ്മയെ കൂടാതെ വിഴിഞ്ഞത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റഫീഖയാണ് മറ്റൊരാൾ.
കഴിഞ്ഞവർഷം ശിക്ഷിക്കപ്പെട്ട 39 പേരെയാണ് വനിതാ ജയിലിൽ പ്രവേശിപ്പിച്ചിരുന്നത്. സി.39/24 ആയിരുന്നു കഴിഞ്ഞവർഷത്തെ അവസാന നമ്പർ. 23 പേരാണ് നിലവിൽ ശിക്ഷിക്കപ്പെട്ട് സെല്ലുകളിലുള്ളത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കൊപ്പം 11-ാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുൻപ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സുപ്രീംകോടതിവരെ അപ്പീൽപോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.
മാത്രമല്ല രാഷ്ട്രപതിയുടെ ദയാഹർജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്കു മാറ്റുകയുള്ളൂ. സാധാരണ തടവുകാർക്കു ലഭിക്കുന്ന പരിഗണനകൾ ജയിലിനുള്ളിൽ ലഭിക്കുമെങ്കിലും ഇവർക്കു മറ്റു പ്രതികളേക്കാൾ കൂടുതൽ നിരീക്ഷണം ഉണ്ടാകും. എന്നാൽ ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയപ്പോഴാണ് ഗ്രീഷ്മയെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിച്ചത്. റിമാൻഡ് തടവുകാർക്കൊപ്പം പാർപ്പിച്ചിരുന്ന ഗ്രീഷ്മയെ ശിക്ഷ വിധിച്ചതിനുശേഷമാണ് 11-ാം നമ്പർ സെല്ലിലേക്കു മാറ്റിയത്. ചൊവ്വാഴ്ച ജയിലിലെ ഫാർമസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു. ജയിലിലെ ജോലികൾ തത്കാലം ഗ്രീഷ്മയ്ക്കു നൽകില്ല. കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ സമയവും ഗ്രീഷ്മ സെല്ലിനുള്ളിൽ തന്നെയാണ് ചെലവഴിച്ചത്.