കോഴിക്കോട്: കോഴിക്കോട് ഡി.സി.സി. ഓഫിസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയും എം.പി.യും എം.എൽ.എ.മാരും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കട്ടെയെന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡി.സി.സി. ഓഫിസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായ വിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം
. അതേസമയം, പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. കൊടിക്കുന്നിൽ സുരേഷ് എം.പി.യെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിന് ഉണ്ടെന്നാണ് വിവരം. വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന.















































