ഗുവാഹത്തി: അസമിലെ ഗോൾപാറ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്ന അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം. സംഭവത്തിൽ ഇതിനകം പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് മതവിശ്വാസത്തെ വ്രണപ്പെടുത്തൽ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജൂൺ അഞ്ചിന് അഞ്ച് മുസ്‍ലിം വിദ്യാർഥികൾ ടിഫിൻ ബോക്സിൽ കൊണ്ടുവന്ന ബീഫ് രണ്ട് ഹിന്ദു സഹപാഠികളുമായി പങ്കിടാൻ ശ്രമിച്ചതായി സ്കൂൾ അധികൃതർ ആരോപിച്ചു.ഇത് അധ്യാപകരെ അറിയിച്ചിരുന്നുവെന്നും വിവാദമാവാതിരിക്കാൻ സ്കൂളിൽ വെച്ചുതന്നെ പ്രശ്നം പരിഹരിക്കാനും അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇത് സ്കൂളിനു പുറത്ത് ചർച്ചയാക്കി. തുടർന്ന് പ്രാദേശിക സംഘടനകളും സമുദായ സംഘടനകളും പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം വഷളാവുകയും ചെയ്തു.
അഞ്ച് വിദ്യാർഥികളെ പുറത്താക്കാനുള്ള നിർദേശത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ചൊവ്വാഴ്ച യോഗം ചേരുമെന്ന് സ്കൂൾ മാനേജ്മെന്റ് ഡെവലപ്മെന്റ് കമ്മിറ്റി (എസ്.എം.ഡി.സി) പ്രസിഡന്റ് സുബ്രത ദാസ് പറഞ്ഞു. സ്കൂൾ അധികൃതരും എസ്.എം.ഡി.സി അംഗങ്ങളും പ്രാദേശിക സംഘടനകളും പങ്കെടുത്ത യോഗത്തിൽ പുറത്താക്കലിന് അനുകൂലമായ അഭിപ്രായമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.















































