ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് സമുദായത്തില്‍പ്പെട്ട 18 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
സംഭവത്തില്‍ കൗമാരക്കാരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മരിച്ച കേതന്‍ ലാല്‍ കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കേതന്‍ തന്റെ സുഹൃത്ത് ദിവാകര്‍ ഡിമ്രിക്കൊപ്പം അവളുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് പോയി.
ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ കേതന്റെ പിതാവ് ധന്‍പാല്‍ ലാലിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണ്‍ വിളിക്കുകയും മകനെ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ ധന്‍പാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















































